തൃശൂർ: ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും തൊഴിൽ നൽകാൻ സംസ്ഥാനത്ത് 100 ഖാദി ഔട്ട്‌ലെറ്റ് ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു. എബിലിറ്റി ബിയോണ്ട് ലിമിറ്റ്സ് എന്ന പദ്ധതിക്ക് കീഴിൽ ഏബിൾ പോയിന്റ് എന്ന പേരിലാണ് ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുക.
ഭിന്നശേഷിക്കാരുടെ സാമൂഹിക ഇടപെടലും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷനും ഭാരതീയ ഖാദി ഗ്രാമവ്യവസായ സഹകരണ സംഘവും ചേർന്നാണ് പദ്ധതി നടപ്പാക്കുക. ഒരു ഔട്ട്‌ലെറ്റിലൂടെ രണ്ടുപേർക്ക് തൊഴിൽ നൽകും. 15,000 രൂപ വേതനം നൽകാനാണ് തീരുമാനം.
ഖാദി ഉൽപ്പന്നങ്ങളാണ് ഏബിൾ പോയിന്റിലൂടെ വിപണനം നടത്തുക. ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടങ്ങൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, ജില്ല/താലൂക്ക് ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിലാവും ഏബിൾ പോയിന്റ് ഉയരുക.
പെട്ടെന്ന് സജ്ജീകരിക്കാവുന്നതും എളുപ്പം മാറ്റി സ്ഥാപിക്കാനാകുന്നതുമായ സ്‌റ്റാൻഡ് എലോൺ മോഡുലാർ യൂണിറ്റായിരിക്കുമിത്. ഒരു യൂണിറ്റിന് അഞ്ചുലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ഭിന്നശേഷിക്ഷേമ കോർപറേഷനാണ് തൊഴിലാളികളെ കണ്ടെത്തുന്നത്. തെരഞ്ഞെടുക്കുന്നവരെ സർക്കാർ ഏജൻസികളെയും എൻജിഒകളെയും ഉൾപ്പെടുത്തി പരിശീലിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഭിന്നശേഷിക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ ജയ ഡാളി, എംഡി കെ മൊയ്‌തീൻകുട്ടി, ഡയറക്ടർ ബോർഡംഗം ഗിരീഷ് കീർത്തി എന്നിവരും പങ്കെടുത്തു.
‘ഇടം’ കൂടുതൽ ഇടത്തിലേക്ക്
കേരള സംസ്ഥാന പനയുൽപ്പന്ന വികസന കോർപറേഷനുമായി ചേർന്ന് സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇടം പദ്ധതി കൂടുതൽ ഇടത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു. പനം കൽക്കണ്ടം, കരിപ്പെട്ടി, വിവിധ തരം ജ്യൂസ്, നൊങ്ക് സർബത്ത്, ചുക്കുകാപ്പി എന്നിവയ്‌ക്കും ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്കും പാൽ ഉൾപ്പെടെയുള്ള മറ്റ് അംഗീകൃത ൽപ്പന്നങ്ങൾക്കുമുള്ള വിപണന കേന്ദ്രങ്ങളാണ് ഇടമെന്ന് മന്ത്രി പറഞ്ഞു.