About Us
അണിചേരാം ഭിന്നശേഷി സഹോദരങ്ങളുടെ ഉന്നമനത്തിനായി…
Reg. No. TVM/TC/192/2020. Registered under Travancore-Cochin Literary, Scientific and Charitable Societies Registration Act, 1955. Approved Non Governmental Organization (NGO) Unique Id: KL/2021/0275957.
ലോകത്ത് ആകമാനമുളള ഭിന്നശേഷിക്കാരുടെ സ്ഥിതി പരിശോധിച്ചാല്‍ നമ്മള് സാമൂഹ്യമായി മാത്രമല്ല മറ്റ് മേഖലകളിലും പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം എന്നിവയില്‍ മറ്റുളളവരെക്കാള്‍ പിന്നോക്കമാണെന്നു കാണാം.
ഇത് പ്രധാനമായും നമ്മള് നേരിടുന്ന പല രീതിയിലുളള തടസങ്ങള്‍ അഥവാ പരിമിതികള്‍ മൂലമാണ്.
വിദ്യാഭ്യാസം നേടാനുളള തടസം, ജോലി സമ്പാദിക്കാനുളള തടസം, സഞ്ചരിക്കുവാനുളള തടസം, ആരോഗ്യപരിപാലനത്തിനുളള തടസം എന്നിങ്ങനെയുളള നിരവധി തടസങ്ങള്‍ നേരിടേണ്ടിവരുന്നു.
സമൂഹത്തില്‍ സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളില്‍ വരുന്ന ഭിന്നശേഷിക്കാര്‍ ഈ തടസങ്ങളുടെയും പരിമിതികളുടെയും പ്രധാന ഇരകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
2011 പ്രസിദ്ധീകരിച്ച ഭിന്നശേഷിക്കാരെ സംബന്ധിച്ചുള്ള ആഗോള റിപ്പോര്‍ട്ടു പ്രകാരം ലോകജനസംഖ്യയില്‍ 15% ആളുകള്‍ വിവിധ അംഗപരിമിതികള്‍ ബാധിച്ചവരാണ്. ഇതില്‍ത്തന്നെ 2% മുതല്‍ 4% വരെ ജനങ്ങള്‍ തീവ്രമായ അംഗപരിമിതികള്ക്ക് വിധേയരാണ്. 2011 ലെ ദേശീയ സെന്‍സസ് പ്രകാരം ഇന്ത്യയുടെ ജനസംഖ്യയില്‍ 2,68,10,557 പേര് അംഗപരിമിതരാണെന്നു കാണുന്നു.
ഇത് ആകെ ജനസംഖ്യയുടെ 2.21% വും സ്ത്രീ-പുരുഷ അനുപാതം 44 : 56 വും ആണ്. ദേശീയ സെന്‍സസ് പ്രകാരം കേരളത്തില്‍ 7,61,843 അംഗപരിമിതരുളളതായി കണക്കാക്കിയിരിക്കുന്നു. ഇവരില്‍ സ്ത്രീ പുരുഷ അനുപാതം 52 : 48 ആണ്.
കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പ് 2015 നടത്തിയ ഭിന്നശേഷിക്കാരുടെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 7,93,937 ഭിന്നശേഷിക്കാര്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ 3,70,227 പേര് (46.63%) ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ചലനവൈകല്യത്തില്പ്പെട്ടവരാണ്, 2,61,087 പേര്. ഇത് മൊത്തം ഭിന്നശേഷിക്കാരുടെ 32.89% മാണ്. 3,81,142 പേര്‍ക്ക് മാത്രമാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളത് (48%).
ഭിന്നശേഷിയുളളവര്‍ രാജ്യത്തിന്റെ വികസനപ്രക്രിയയില്‍ വളരെയധികം പിന്തളളപ്പെട്ടുപോകുന്നു എന്ന യാഥാര്‍ത്ഥ്യം നാമെല്ലാവരേയും അലോസരപ്പെടുത്തുന്ന ഒരു വസ്തുതയാണ്.
ഭിന്നശേഷിയുളളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയ്ക്കുന്നതിനും അവരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഈ സമൂഹത്തിന്റെ അവിഭാജ്യമായ വ്യക്തികള്‍ ആണെന്ന ധാരണ വളര്‍ത്തുന്നതിനും ഭിന്നശേഷിക്കാരെ പൊതുസമൂഹത്തിന്റെ ഭാഗമായി പൂര്‍ണമായി ഉള്ക്കൊളേളണ്ടതും ഏതൊരു പരിഷ്ക്യത സമൂഹത്തിന്റേയും കര്‍ത്തവ്യമാണ്.
ഭിന്നശേഷിക്കാരുടെ സമഗ്രമായ ഉന്നമനവും അവകാശ സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി വിവിധ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിവരുന്നുണ്ട്.
ഇതോടൊപ്പം പരിമിതികള്‍ പരമാവധി ലഘൂകരിക്കുന്നതിനുതകുന്ന നൂതന പദ്ധതികള്‍ ഭിന്നശേഷിക്കാരുടെ സഹകരണത്തോടെ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഭിന്നശേഷി കൂട്ടായ്മ എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയിട്ടുള്ളത്.
മെമ്പർഷിപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക