ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തിന്‌ 3.11 കോടി

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തിനും ഷോറൂമിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 3.11 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ  അറിയിച്ചു.

വടക്കന്‍ ജില്ലകളിലെ ഭിന്നശേഷിക്കാര്‍ക്കായി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കണ്ണൂര്‍ കൊളപ്പയില്‍ ആരംഭിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ പരിശീലന കേന്ദ്രത്തിന് 2.97 കോടി രൂപയുടേയും തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിനോടനുബന്ധിച്ച് ആരംഭിക്കുന്ന ഷോറൂം കം എക്‌സ്പീരിയന്‍സ് സെന്ററിന്റെ നിര്‍മ്മാണത്തിനായി മുമ്പ് നല്കിയ 2.3 കോടിക്ക് പുറമേ അധികമായി 14.72 ലക്ഷം രൂപയുടേയും ഭരണാനുമതിയാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

വടക്കന്‍ മേഖലയിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാകുന്ന സര്‍ക്കാര്‍ സംവിധാനം നിലവിലില്ലാത്ത സാഹചര്യത്തിലാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലെ ഭിന്നശേഷിക്കാര്‍ക്കായി സൗകര്യപ്രദമായ സ്ഥലത്ത് ഉപകരണ നിര്‍മ്മാണ പരിശീലന യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

അതനുസരിച്ച് ആവശ്യമായ സ്ഥലം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്.

നിലവില്‍ കോര്‍പറേഷന്റെ കീഴില്‍ തിരുവനന്തപുരത്താണ് ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രമുള്ളത്.

അത് നവീകരിക്കുന്നതിനും ആധുനികവത്ക്കരിക്കുന്നതിനുമായി 2 കോടിയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു.

ഇതിന് പുറമേ ഭിന്നശേഷിക്കാര്‍ക്ക് ലോകത്തെവിടെയും ലഭ്യമായ സഹായ ഉപകരണങ്ങള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ ഏറ്റവും കുറഞ്ഞ വില ഈടാക്കുന്ന ഷോറൂം കം എക്‌സ്പീരിയന്‍സ് സെന്റര്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് ആരംഭിക്കുന്നതിന് 2.30 കോടി രൂപയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു.

അതിന്റെ ഡിസൈന്‍ അംഗീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറായിരിക്കുകയാണ്.

ഈ ഘട്ടത്തിലാണ് വടക്കന്‍ മേഖലയിലക്ക് കൂടി സഹായകരമാകുന്ന സഹായ ഉപകരണ കേന്ദ്രം ആരംഭിക്കുന്നതിനും തീരുമാനിച്ചത്.

Exit mobile version