കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഭിന്നശേഷിക്കാർക്ക് 4 ശതമാനം സംവരണം

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്.) 2016ലെ അംഗപരിമിതാവകാശ നിയമപ്രകാരം 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

പി.ഡബ്ല്യു.ഡി. ആക്ടനുസരിച്ച് 3 ശതമാനം സംവരണമുണ്ടായിരുന്നത് 2016ലെ ആര്‍.പി.ഡബ്ല്യു.ഡി. ആക്ടനുസരിച്ച് 4 ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു.

ഇതാണ് ഇപ്പോള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലും അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിനായി രൂപീകരിച്ച എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയുടെ യോഗ തീരുമാനത്തിന്റേയും ആര്‍.പി.ഡബ്ല്യു.ഡി. ആക്ടിലെ വ്യവസ്ഥകളുടേയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് തീരുമാനമെടുത്തത്.

ബെഞ്ച്മാര്‍ക്ക് ഡിസബിലിറ്റിയുള്ള ഭിന്നശേഷിക്കാര്‍ക്ക് പ്രവര്‍ത്തനപരമായ ആവശ്യകതയും കൂടി വേണമെന്ന നിബന്ധനയോടെയാണ് 4 ശതമാനം സംവരണം എര്‍പ്പെടുത്തുന്നത്.

അന്ധതയും കാഴ്ച്ചക്കുറവുമുള്ളവര്‍ ഒന്നാം വിഭാഗത്തിലും ബധിരതര്‍, കേള്‍വിക്കുറവ് വളരെയധികമുള്ളവര്‍ എന്നിവര്‍ രണ്ടാം വിഭാഗത്തിലും സെറിബ്രല്‍ പാള്‍സി, കുഷ്ഠം ഭേദമായവര്‍, പൊക്കക്കുറവുള്ളവര്‍, ആസിഡ് ആക്രമണ ഇരകള്‍ തുടങ്ങിയ ചലന പരിമിതിയുള്ളവര്‍ മൂന്നാം വിഭാഗത്തിലും ഒന്നില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള ആദ്യത്തെ മൂന്ന് വിഭാഗങ്ങളിലുംപ്പെട്ട വിഭാഗങ്ങളിലുള്ള ഭിന്നശേഷിത്വമുള്ളവര്‍ നാലാം വിഭാഗത്തിലുമായി തരംതിരിച്ചാണ് സംവരണം അനുവദിക്കുന്നത്.

സംവരണാലുകൂല്യം ലഭിക്കുന്നതിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ അപേക്ഷകര്‍ ഉത്തരവിനോട് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

കെ.എ.എസിന്റെ മൂന്ന് സ്ട്രീമുകളിലും 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിക്കുന്നതാണ്.

ഈ സംവരണം എപ്രകാരം നടപ്പിലാക്കണമെന്നത് സംബന്ധിച്ച് വിശദമായ ഗൈഡ്‌ലൈന്‍ പുറപ്പെടുവിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Exit mobile version