നിയമപ്രകാരം രണ്ടുവർഷംകൂടി കാലാവധിയുണ്ടെന്ന വാദം തള്ളി സംസ്ഥാന ഭിന്നശേഷി കമ്മീഷണറെ പുറത്താക്കാൻ അടിയന്തര നടപടികളുമായി സാമൂഹികനീതി വകുപ്പ്.
ഹൈക്കോടതി ഉത്തരവുപ്രകാരം കമ്മീഷണറിൽനിന്നു വാദംകേട്ട് ഞായറാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരേ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് കമ്മീഷണറുടെ തീരുമാനം.
കഴിഞ്ഞ ജനുവരി ആറിന് ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻറെ മൂന്നുവർഷത്തെ സേവനകാലാവധി അവസാനിച്ചിരുന്നു.
പുതിയ കമ്മീഷണറെ നിയമിക്കണമെങ്കിൽ നിയമപ്രകാരം 2023 ജൂലായിൽ വിജ്ഞാപനം പുറപ്പെടുവിക്കണമായിരുന്നു. അതിനുള്ള നടപടികളുണ്ടായില്ല.
ഭിന്നശേഷി കമ്മീഷണറുടെ ചില ഉത്തരവുകൾ സർക്കാരിന് ഇഷ്ടപ്പെടാതെ വന്നതോടെയാണ് മാറ്റാനുള്ള നടപടികൾ ആരംഭിച്ചത്.
പുതിയ കമ്മീഷണറെ നിയമിക്കാനുള്ള വിജ്ഞാപനം ജനുവരിയിൽ പുറപ്പെടുവിച്ചു. അതിനെതിരേ കമ്മീഷണർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ സാമൂഹികനീതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാർ ഫയൽ ചെയ്ത എതിർ സത്യവാങ്മൂലത്തിൽ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
കമ്മീഷണർ ഹൈക്കോടതിയിൽ ഉന്നയിച്ച കാര്യങ്ങൾ വിശദമായി നേരിട്ടു കേട്ട് തീരുമാനമെടുക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നെങ്കിലും അതു പാലിച്ചില്ല.
തുടർന്ന് ചീഫ് സെക്രട്ടറി അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പ് സെക്രട്ടറി കമ്മീഷണറെ കേൾക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
തുടർന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെയാണ് നേരിട്ടുകേൾക്കാൻ ഏൽപ്പിച്ചത്. ഈമാസം 18 ന് വാദം കേട്ടു. ഞായറാഴ്ചയാണ് 32 പേജുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
പുതിയ ഭിന്നശേഷി കമ്മീഷണറെ നിയമിക്കുന്നതിനുള്ള നടപടികൾ നിലവിലുള്ള കമ്മീഷണറുടെ കാലാവധി അവസാനിക്കുന്നതിന് ആറുമാസംമുമ്പ് തുടങ്ങണമെന്ന നിബന്ധന നിർബന്ധമായും പാലിക്കപ്പെടേണ്ടതല്ലെന്നും സർക്കാർ നടപടിക്രമങ്ങൾ പാലിച്ചാണ് പുതിയ കമ്മീഷണറെ നിയമിക്കാനുള്ള പട്ടിക തയ്യാറാക്കിയതെന്നും ഉത്തരവിൽ പറയുന്നു.
നിലവിലെ കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശന്റെ വാദങ്ങളെ നിരാകരിക്കുന്നെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ പകർപ്പ് ഭിന്നശേഷി കമ്മീഷണർക്ക് നൽകിയിട്ടില്ല.