ഭിന്നശേഷി വിദ്യാർഥിനിയെ പൂട്ടിയിട്ട സംഭവം: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

സെറിബ്രൽ പാൾസി ബാധിച്ച പത്താംക്ളാസ് വിദ്യാർഥിനിയെ ക്ളാസ്‌മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ ചെമ്മാപ്പിള്ളി സെറാഫിക് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റർ ടെസിൻ ജോസഫിന് സസ്പെൻഷൻ.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ. അൻസാറാണ് അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തത്. കുറ്റക്കാരുടെ പേരിൽ കർശന നടപടിയെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ആർ. ബിന്ദു വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഫിസിയോ തെറാപ്പിക്ക് കൊണ്ടുപോകാൻ പിതാവ് സ്കൂളിലെത്തിയപ്പോൾ കുട്ടിയെ ക്ലാസ്‌മുറിയിൽ കണ്ടില്ല. ഈ സമയം മറ്റു കുട്ടികളെല്ലാം താഴെയുള്ള ഐ.ടി. ക്ലാസിലായിരുന്നു. അന്വേഷണത്തിൽ മകളെ ഒറ്റയ്ക്ക് പൂട്ടിയിട്ടനിലയിൽ കണ്ടെത്തുകയായിരുന്നു.

മാതാപിതാക്കളുടെ പരാതിയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂളിലെത്തി അന്വേഷണം നടത്തി. കുട്ടിയെ 40 മിനിറ്റ് മുറിക്കുള്ളിൽ പൂട്ടിയിട്ടതായി മനസ്സിലാക്കിയെന്നും ഐ.ടി.ക്ലാസിൽ സ്കൂൾ മാനേജർ ക്രമവിരുദ്ധമായി അധ്യാപികയെ നിയമിച്ചതായി കണ്ടെത്തിയെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ. അൻസാർ പറഞ്ഞു.

വിഷയത്തിൽ തുടരന്വേഷണമുണ്ടാകും. സംഭവദിവസം ക്ലാസ് ടീച്ചർ അവധിയായിരുന്നതിനാൽ അവരെ നടപടിയിൽനിന്ന് ഒഴിവാക്കി. അവരുടെ പേരിൽ വ്യാപക പരാതിയുള്ളതിനാൽ തുടരന്വേഷത്തിൽ ഇവരെ ഉൾപ്പെടുത്തുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button