എസ്എസ്എല്‍സി പരീക്ഷയില്‍ സവിശേഷ സഹായം ലഭ്യമായ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധന ആസൂത്രിതമെന്ന് സംശയം.
21 ഭിന്നശേഷി വിഭാഗത്തിലായി 26,518 വിദ്യാര്‍ത്ഥികളാണ് 2024 ലെ പരീക്ഷക്കെത്തിയത്. ഭിന്നശേഷി ആനുകൂല്യം തട്ടിയെടുത്ത് പരീക്ഷ പാസാകുന്നതിന് ഡോക്ടര്‍മാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും സൂചന.
സ്‌ക്രൈബിന്റെ സേവനം, ഇന്റര്‍പ്രെട്ടറുടെ സേവനം, അധിക സമയം, ഗ്രാഫ്, ഡയഗ്രം എന്നിവ ഉള്‍പ്പെടുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിവാക്കല്‍,എഴുതി നേടുന്ന മാര്‍ക്കിന്റെ 25 ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കല്‍ എന്നീ സവിശേഷ സഹായങ്ങള്‍ തട്ടിയെടുക്കുന്നതിനു വേണ്ടി തിരിമറികള്‍ നടക്കുന്നതായാണ് സൂചന.
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട പരീക്ഷാര്‍ത്ഥികളുടെ എണ്ണം 2020 മാര്‍ച്ചിലെ പരീക്ഷയില്‍ 13,294 ആയിരുന്നുവെങ്കില്‍ 2021 ല്‍ 13,566 ആയി ഉയര്‍ന്നു. 2022ല്‍ ഇത് 17,534 ആയും 2023 ല്‍ 21,452 ആയും വര്‍ധിച്ചു. 2024 മാര്‍ച്ച് ആയപ്പോഴേക്കും ഇത് 26,518 എന്ന സര്‍വകാല റിക്കാര്‍ഡിലേക്കെത്തി.
അനാരോഗ്യകരമായ ചില പ്രവണതകള്‍ ഈ രംഗത്തുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ വ്യക്തമാക്കുന്നു. അര്‍ഹതയില്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നവര്‍ക്കും ഇക്കാര്യത്തില്‍ ബാധ്യതയുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവമായാണ് ഇക്കാര്യങ്ങള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ശ്രവണവൈകല്യം, കാഴ്ചവൈകല്യം, അസ്ഥിസംബന്ധമായ വൈകല്യം, ബുദ്ധിപരമായവെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങി ചിലവിഭാഗം കുട്ടികള്‍ക്കു മാത്രമാണ് പരീക്ഷാ ആനുകൂല്യങ്ങള്‍ അനുവദിച്ചു വന്നിരുന്നത്.
റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 2016 ല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളോട് വിവേചനം പാടില്ലെന്നു നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനാല്‍ ആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 21 തരം വൈകല്യങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും പരീക്ഷാനുകൂല്യം നല്‍കിത്തുടങ്ങി.
കാഴ്ചവൈകല്യം, ലോ വിഷന്‍, ലെപ്രസി ക്യൂവേര്‍ഡ്, ശ്രവണ വൈകല്യം, ലോക്കോമോട്ടോര്‍ ഡിസബിലിറ്റി, ഡ്വാര്‍ഫിസം, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, മെന്റല്‍ ഇല്‍നസ്, ഓട്ടിസം, മസ്തിഷ്‌ക സംബന്ധമായ വൈകല്യം, മസ്‌കുലര്‍ ഡിസ്‌ട്രോഫി, ക്രോണിക് ന്യൂറോളജിക്കല്‍ കണ്ടീഷന്‍സ്, പഠനവൈകല്യം, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, സ്പീച്ച്ആന്‍ഡ് ലാങ്ക്വേജ് ഡിസബിലിറ്റി, തലാസ്സീമിയ, ഹീമോഫീലിയ, സിക്കിള്‍സെല്‍ ഡിസീസ്, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റീസ്, ഇന്‍ക്ലൂഡിങ് ഡെഫ് ബ്ലൈന്‍ഡ്‌നെസ്, ആസിഡ് അറ്റാക്ക് വിക്ടിം, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് എന്നീ വൈകല്യങ്ങളെയാണ് പരീക്ഷാ ആനൂകൂല്യങ്ങള്‍ നല്‍കുന്നതിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എസ്എസ്എല്‍സി പരീക്ഷയില്‍ വിവിധ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട പരീക്ഷാര്‍ത്ഥികള്‍ക്ക് അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആണ് പരീക്ഷാ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്.