ഉണര്‍വ് 2024 അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് വിതരണവും മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു

എല്ലാ പൊതു ഇടങ്ങളും കലാലയങ്ങളും വിദ്യാലയങ്ങളും തിയേറ്ററുകളും പാര്‍ക്കുകളും ഭിന്നശേഷി സൗഹാര്‍ദ്ദമാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ വി.കെ.എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണംത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് വിതരണ ചടങ്ങായ ഉണര്‍വ്വ് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാര്‍ക്കായി തടസ്സരഹിത കേരളം അഥവാ ബാരിയര്‍ ഫ്രീ കേരള എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുകയാണ്. സമൂഹത്തിന്റെ പൊതുബോധം ഉയര്‍ത്തി തടസ്സരഹിതമായ ജീവിതം ആത്മവിസ്വാസത്തോടുകൂടി നയിക്കാന്‍ നമ്മുടെ ഭിന്നശേഷി മക്കള്‍ക്ക് ഉറപ്പുകൊടുക്കാനായി നമ്മളെല്ലാവരും ഒരുമിച്ചുനില്‍ക്കണം. ഇത് കുടുംബത്തിന്റേയോ വ്യക്തിയുടേയോ മാത്രം ഉത്തരവാദിത്തമല്ല സമൂഹത്തിന്റെയുംകൂടി ഉത്തരവാദിത്വമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

യുഎന്‍സിആര്‍പിഡി നിര്‍ദ്ദേശിച്ചതുപ്രകാരമുള്ള അവകാശാധിഷ്ഠിത സമീപനത്തോടെ 2016 ല്‍ ആവിഷ്‌ക്കരിക്കപ്പെട്ട ഭിന്നശേഷി അവകാശ സംരക്ഷണ നിയമത്തിന്റെ അനുശാസനങ്ങള്‍ ഒന്നൊന്നായി കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തൊഴിലുമായി ബന്ധപ്പെട്ട് 3 ശതമാനം സംവരണം എന്നുള്ളത് 4 ശതമാനമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 1400 ല്‍പ്പരം തസ്തികകള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി പ്രഖ്യാപിച്ച് നോട്ടിഫൈ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ 5 ശതമാനം സംവരണം ഭിന്നശേഷിക്കാര്‍ക്ക് കേരളത്തില്‍ സാക്ഷാത്ക്കരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിത്വം വളരെ നേരത്തെതന്നെ കണ്ടെത്താന്‍ കഴിയുന്നവിധത്തില്‍ പ്രാരംഭ ഇടപെടലിനു സഹായകമായ ഏര്‍ളി ഡിറ്റക്ഷന്‍ ആന്‍ഡ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ ഫലപ്രദമായ രീതിയില്‍ ഏറ്റെടുക്കാന്‍ കഴിയുന്ന പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ സജ്ജീവമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.

സംസ്ഥാനത്ത് ഭിന്നശേഷിയുമായി കുട്ടികള്‍ നമ്മുടെ സമൂഹത്തില്‍ ജനിക്കരുത് എന്ന നിഷ്‌ക്കര്‍ഷയുടെ ഭാഗമായിക്കൂടിയാണ് അമ്മയുടെ വയറ്റില്‍ ഭ്രൂണാവസ്ഥയിലിരിക്കുമ്പോള്‍തന്നെ ഭിന്നശേഷിത്വം തിരിച്ചറിഞ്ഞ് വ്യതിയാനങ്ങള്‍ മാറ്റിയെടുക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇടപെടലുകള്‍ നടത്തുന്നതെന്നും മോഡേണ്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററുകളും മോഡേണ്‍ അങ്കണവാടികളുമെല്ലാം വിപുലീകരിച്ചുകൊണ്ട് നന്നേ ചെറുതായിരിക്കുമ്പോള്‍തന്നെ വ്യതിയാനങ്ങള്‍ മനസ്സിലാക്കാനുള്ള സംവിധാനം ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബഡ്സ്‌കൂളുകളും ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. കൂടുതല്‍ ബഡ്സ് സ്‌കൂളുകളും ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും ഉണ്ടാക്കുക എന്നുള്ളത് സര്‍ക്കാരും സമൂഹവും കൈകോര്‍ത്തുപിടിച്ച് ഏറ്റെടുക്കുന്ന പ്രവര്‍ത്തനമാണ്. അത് ഇനിയും സജീവമായി മുന്നോട്ട്കൊണ്ടുപോകണമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷി അവകാശം നിയമം അനുശാസിക്കുന്നതുപോലെ ഭിന്നശേഷിക്കാര്‍ക്കായി ഒരു പ്രത്യേക അതോറിട്ടി രൂപീകരിക്കുന്നതിനും ഭിന്നശേഷി സ്പെഷ്യല്‍ ഫണ്ട് രൂപീകരിക്കുന്നതിനുമുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഭിന്നശേഷി മേഖലയില്‍ ശാസ്ത്രീയമായ ശാക്തീകരണവും പുനരധിവാസവും സാധ്യമാക്കാന്‍ കഴിയുന്ന നിലയിലുള്ള ഇടപെടല്‍ നടത്തുന്ന സ്ഥാപനങ്ങളാണ് നിഷും നിപ്മറും. രാജ്യത്ത്തന്നെ ഏറ്റവും ശ്രദ്ധേയമായ ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളായി ഈ സ്ഥാപനങ്ങള്‍ വളരുകയാണെന്നും മന്ത്രി പറഞ്ഞു.

ശാരീരിക പരിമിതികളെ മറികടക്കാന്‍ സഹായകരമായ ഉപകരണങ്ങള്‍ ഏറ്റവും മികച്ചരീതിയില്‍ വിതരണം ചെയ്യുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷിക്കാര്‍ക്കായി വിദ്യാഭ്യാസപരമായ സഹായങ്ങളും തൊഴിലുമായി ബന്ധപ്പെട്ട് തൊഴില്‍ പരിശീലനവും മറ്റുരീതിയിലുള്ള പുനരധിവാസ പദ്ധതികളും സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വ്യത്യസ്ത ഏജന്‍സികളിലൂടെ നിര്‍വ്വഹിക്കുന്നതായും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തുന്നതിനായി പ്രചോദനം എന്ന പേരില്‍ നൂതന പരിശീലന പദ്ധതി ആവിഷ്‌ക്കരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഇരുപത് വിഭാഗങ്ങളിലായി 32 പേര്‍ക്കായി സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങളുടെ സമര്‍പ്പണവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കുന്ന ഏറ്റവും മികച്ച എന്‍എസ്എസ്, എന്‍സിസി, എസ്പിസി യൂണിറ്റുകള്‍ക്കുള്ള സഹചാരി പുരസ്‌കാര വിതരണവും ജില്ലയിലെ ബിരുദാനന്തര കോഴ്സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘വിജയാമൃത’ അവാര്‍ഡ് ദാനവും മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഇ.ടി ടൈസണ്‍ മാസ്റ്റര്‍, കെ.കെ രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, എം.കെ അക്ബര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ ഡോ. പി.ടി ബാബുരാജ്, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ജയ ഡാലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്യാമള മുരളീധരന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോസ്, നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങിന് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് മുഹമ്മദ് യാസീന്‍ നയിച്ച കീബോര്‍ഡ് സംഗീത വിരുന്നും, റിഥം ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തിലുള്ള കലാവിരുന്നും ഭിന്നശേഷി സ്ഥാപനങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കലാപരിപാടികളും നടന്നു. ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവായ മുഹമ്മദ് യാസീന്‍, മുഹമ്മദ് അസീം എന്നിവര്‍ പ്രഭാഷണം നടത്തി.

സംസ്ഥാനത്തെ ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും സംഘടന പ്രതിനിതികളും പരിപാടിയില്‍ പങ്കെടുത്തു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ‘റീജിയണല്‍ ഏര്‍ലി ഇന്റെര്‍വെന്‍ഷന്‍ സെന്റര്‍ ആന്‍ഡ് ഓട്ടിസം, അനുയാത്ര, കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍, നിപ്മര്‍, കേരള സാമൂഹ്യ സുരക്ഷ മിഷന്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button