എയ്‌ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം; ശുപാർശ നൽകി 15 ദിവസത്തിനകം നിയമനം
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം സുതാര്യവും സുഗമവുമാക്കാൻ സർക്കാർ നിയോഗിച്ച ജില്ലാതലസമിതികൾ ശുപാർശ ചെയ്യുന്ന ഉദ്യോഗാർഥികളെ മാനേജർമാർ 15 ദിവസത്തിനകം നിയമിക്കണം. നിയമന ശുപാർശ നൽകാൻ സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച ജില്ലാതല സമിതികൾ 21ന് മുമ്പ് പ്രവർത്തനം ആരംഭിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
സമിതികൾ രൂപീകരിക്കാത്ത ഇടങ്ങളിൽ രണ്ട് ദിവസത്തിനകം ജീവനക്കാരുടെ പ്രാഥമിക യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കണം. ഇക്കാര്യം സംസ്ഥാനതല സമിതി ഉറപ്പുവരുത്തണം. ജില്ലാ സ്‌പെഷൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽനിന്ന് ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കി ജില്ലാതല സമിതി ഭിന്നശേഷി ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കണം.
ഉദ്യോഗാർഥികൾക്ക് സൗകര്യപ്രദമായ സ്‌കൂളിൽ വേണം സമന്വയ പോർട്ടൽ മുഖേന നിയമന ശുപാർശ നൽകാൻ. ജില്ലാതല സമിതി ശുപാർശ ചെയ്യുന്ന ഉദ്യോഗാർഥിയെ നിയമിക്കേണ്ടത് എയ്‌ഡഡ് സ്‌കൂൾ മാനേജർമാരുടെ നിയമപരമായ ബാധ്യതയാണ്. മാനേജർമാർ റിപ്പോർട്ട് ചെയ്‌ത ഒഴിവുകൾ നിയമപരമാണോ എന്ന് വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിക്കണം. നിയമനം നടത്തുമ്പോൾ, ഭിന്നശേഷി വിഭാഗങ്ങൾക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ നാല് ശതമാനം സംവരണം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
ജില്ലാതല സമിതി സ്‌പെഷൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്ക് ഉദ്യോഗാർഥികളെ ആവശ്യപ്പെടുന്ന വർഷം ജനുവരി ഒന്ന് കണക്കാക്കി വേണം പ്രായപരിധി നിശ്ചയിക്കാൻ. ഇത്തരത്തിലെ റാങ്ക് ലിസ്റ്റിന് അത് പ്രസിദ്ധീകരിക്കുന്ന അക്കാദമിക വർഷം ഡിസംബർ 31 വരെ മാത്രമാകും കാലാവധി.