ഭിന്നശേഷിക്കാരുടെ വോട്ടവകാശം ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ: തെരഞ്ഞടുപ്പ് കമ്മീഷണർ

കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എല്ലാവരെയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പ് പങ്കാളിത്തം’ എന്ന ഏകദിന ശിൽപശാല സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും പൂർണ്ണമായി ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വോട്ടവകാശം ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ദേശീയതലത്തിൽ 2-3 ശതമാനം വരുന്ന ഭിന്നശേഷി വിഭാഗത്തിന് തിരഞ്ഞെടുപ്പിൽ സുഗമമായി പങ്കെടുക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി സുപ്രീം കോടതിയുടെ പിന്തുണയടക്കം ലഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ, സർക്കാരുകൾ, സന്നദ്ധ സംഘടനകൾ എന്നിവ ഈ ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു. 18 വയസ്സ് പൂർത്തിയാകുമ്പോൾ തന്നെ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ രജിസ്‌ട്രേഷൻ പൂത്തിയാക്കി വോട്ടിംഗ് പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്.

ഭിന്നശേഷി വിഭാഗത്തെ സംബന്ധിച്ച് ശിൽപശാലയിലെ വിവിധ പാനൽ ചർച്ചകളിൽ ഉണ്ടാകുന്ന നിർദേശങ്ങളും ശുപാർശകളും ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. രത്തൻ യു കേൽക്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സമ്പൂർണമായ ഭിന്നശേഷി പ്രാതിനിധ്യം തെരഞ്ഞെടുപ്പിൽ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ശിൽപശാലയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ഐഎഎസ്, ജില്ലാ കളക്ടർ അനു കുമാരി ഐഎഎസ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി. ബാബുരാജ്, മുൻ ഭിന്നശേഷി കമ്മീഷണറും ജില്ലാ ജഡ്ജിയുമായിരുന്ന പഞ്ചാപകേശൻ എന്നിവർ പങ്കെടുത്തു.

ശില്പശാലയിലെ സാങ്കേതിക സെഷനുകളിൽ മൂന്ന് വിഷയാധിഷ്ഠിത ചർച്ചകൾക്ക് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ്, ജി. വിജയരാഘവൻ, തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടർ ഇ.എം. സഫീർ എന്നിവർ നേതൃത്വം നൽകി.

വിദഗ്ധരും സാമൂഹിക പ്രവർത്തകരും ചേർന്ന് തിരഞ്ഞെടുപ്പിലെ ഉൾക്കൊള്ളൽ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും ആശയങ്ങളും പങ്കുവെച്ചു.

ശില്പശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ പ്രായോഗികമായി നടപ്പിലാക്കാൻ ഒരു ഉപസമിതി രൂപീകരിക്കുമെന്ന് സമാപന പ്രസംഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു. തിരഞ്ഞെടുപ്പ് സംവിധാനത്തെ കൂടുതൽ ജനകീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രീതിയിലേക്ക് ഉയർത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button