ബഡ്സ് സ്ഥാപനങ്ങളിലെ നിയമനത്തിൽ ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾക്ക് മുൻഗണന

ബഡ്‌സ് ആൻഡ് ബി.ആർ.സി ജീവനക്കാരെ നിയമിക്കുമ്പോൾ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് മുൻഗണന നൽകാനുള്ള തീരുമാനമെത്തി. തദ്ദേശ ഭരണ വകുപ്പ് കൈമാറിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളതെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു.

സർക്കാർ,​ അർദ്ധസർക്കാർ,​ പൊതുമേഖല സ്ഥാപനങ്ങളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയടക്കം നടത്തി വരുന്ന താത്കാലിക നിയമനങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ശ്രീനിജിൻ നേരത്തെ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്ത് 2015 ലാണ് അവസാനമായി ഭിന്നശേഷിക്കാരുടെ കണക്കെടുപ്പ് നടത്തിയത്.

ഇതനുസരിച്ച് 8 ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാറുണ്ട്. സമൂഹത്തിൽ ഏ​റ്റവും കരുതൽ വേണ്ട വിഭാഗമാണിവർ. ഇവരുടെ മാതാപിതാക്കൾക്ക് താത്കാലിക നിയമങ്ങളിൽ സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ഉന്നയിച്ച സബ്മിഷൻ അനുഭവപൂർവം പരിഗണിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്റി ആർ.ബിന്ദു അന്ന് നിയമസഭയെ അറിയിച്ചിരുന്നു.

ഇതേ വിഷയം എം.എൽ.എ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്റിയെ നേരിൽ കണ്ടും ആവശ്യപ്പെട്ടു. തുടർന്നാണ് നിർദ്ദേശം വന്നത്.

ബഡ്‌സ് സ്ഥാപനങ്ങളിൽ സ്​റ്റാഫിനെ നിയമിക്കുമ്പോൾ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രാഥമിക പരിഗണന നൽകണമെന്നുള്ള സർക്കാർ കത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് വലിയ ആശ്വാസമാകരമാകുമെന്നു എം.എൽ.എ പറഞ്ഞു.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button