സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം ലഭിച്ച ഭിന്നശേഷിക്കാർ ഏഴു വർഷമായിട്ടും താൽക്കാലിക ജീവനക്കാരെ പോലെ

സർക്കാർ ജോലി ആയിട്ടും സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം ലഭിച്ച ഭിന്നശേഷിക്കാർക്ക് താൽക്കാലിക ജീവനക്കാരുടെ അവസ്ഥ.

2013  ൽ നിയമനം ലഭിച്ച രണ്ടായിരത്തോളം പേരാണ് സർവീസ് നേട്ടത്തിനായി കാത്തിരിക്കുന്നത്.

സൂപ്പർ ന്യൂമററി തസ്തികയിൽ ജോലി ചെയ്യുന്ന ഭിന്നശേഷി ജീവനക്കാർക്കു തസ്‌തിക ഏകീകരിക്കാത്തതിനാൽ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.

1999-2003 കാലയളവിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച 2677 അംഗപരിമിതർക്ക് ആണ് 2013 ൽ പുനർനിയമനം നൽകി ഉത്തരവായത്.

മുൻകാലങ്ങളിൽ പുനർനിയമനം ലഭിച്ചാൽ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങൾ നൽകിയിരുന്നു.

എന്നാൽ 2013 ൽ പുനർനിയമനം നൽകുമ്പോൾ ഏതൊക്കെ ആനുകൂല്യം ലഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല.

2016 ലാണ് വാർഷിക ഇൻഗ്രിമെൻറ് മാത്രമേ സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതരായ ഭിന്നശേഷി ജീവനക്കാർക്ക് അർഹതയുള്ളൂ എന്നും സ്ഥിര ജീവനക്കാർക്കുള്ള മറ്റ് ആനുകൂല്യങ്ങൾ  ലഭിക്കില്ലെന്നും ഉത്തരവിറങ്ങിയത്.

ഇതോടെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനം ലഭിച്ച ജീവനക്കാരുടെ അവസ്ഥയിൽ ആണ് ഏഴു വർഷമായിട്ടും സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതനായ അംഗപരിമിതർ.

ഒരു വർഷം കൂടി കഴിഞ്ഞാൽ ഗ്രേഡ് ലഭിക്കേണ്ടതാണ്. 2016 ലെ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

2013 ലെ ഉത്തരവ് പ്രകാരം സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം ലഭിച്ച ഭിന്നശേഷിക്കാർക്ക് സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകി സ്ഥിരപ്പെടുത്തമെന്ന് 2019  മാർച്ച് 13 നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ ഉത്തരവിട്ടു.

സീനിയോറിറ്റി, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് അർഹതയില്ലെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ ട്രിബ്യുണൽ റദ്ദാക്കിയിരുന്നു.

വിഷയം നിയമസഭയുടെ മുന്നിലും എത്തി. പതിനാലാം നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമം സംബന്ധിച്ച സമിതിയാണ് ഇക്കാര്യം സഭയുടെ മുന്നിലെത്തിച്ചത്.

അംഗപരിമിതരോടുള്ള കടുത്ത വിവേചനമാണിതെന്ന് നിരീക്ഷിച്ച സമിതി 2019 ജൂലൈ രണ്ടിനാണ് റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചത്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button