Bylaw

(1).  കൂട്ടായ്‌മയുടെ പേര്

ഭിന്നശേഷി കൂട്ടായ്‌മ (Bhinnasheshi Kuttaima)

(2). ഓഫീസ് മേല്‍വിലാസം

ടിസി 65/600 (1), മഠത്തില്‍നട, തിരുവല്ലം പി.ഒ., തിരുവനന്തപുരം, പിന്‍: 695027, നമ്പര്‍: 7907356763, ഈ-മെയില്‍ : info@bhinnasheshi.com, വെബ്‌സൈറ്റ്: www.bhinnasheshi.com

(3). പ്രവര്‍ത്തന പരിധി

കേരള സംസ്ഥാനം മുഴുവന്‍

(4) തലസ്ഥാനം

കൂട്ടായ്മയുടെ തലസ്ഥാനം കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം ജില്ലയായിരിക്കും

(5). ഉദ്ദേശ ലക്ഷ്യങ്ങള്‍

1955 ലെ 12-ാമത് തിരു-കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ച് താഴെപറയുന്ന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനാണ് കൂട്ടായ്മ ഉദ്ദേശിക്കുന്നത്.

1. പ്രവര്‍ത്തന പരിധിയിലെ എല്ലാ വിഭാഗം ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനും അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുക.

2. ഭിന്നശേഷിക്കാര്‍ക്കിടയില്‍ സമത്വവും സാഹോദര്യവും വളര്‍ത്തുക. അവരുടെ കലാകായിക സാംസ്‌കാരിക സാമൂഹിക രംഗത്തെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക.

3. ഇതര സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ച് ഭിന്നശേഷിക്കാരെ ബോധവല്‍ക്കരിക്കുക.

4. തൊഴില്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സ്വയംതൊഴില്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക.

5. സ്ഥിര ജോലിയുള്ള ഭിന്നശേഷിക്കാരുടെ സഹകരണത്തോടെ അവശത അനുഭവിക്കുന്ന ഭിന്നശേഷിക്കാരെ കൈപിടിച്ചു ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുക.

6. സന്നദ്ധ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുക.

7. തൊഴില്‍രഹിതരായ അര്‍ഹതയുള്ള ഭിന്നശേഷിക്കാര്‍ക്ക് പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

8. കേരള സംസ്ഥാനത്തെ 14 ജില്ലകളിലും കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക.

9. കൂട്ടായ്മയ്ക്ക് ഒരുവിധത്തിലുമുള്ള രാഷ്ട്രീയമോ, ജാതി, മത ചിന്തകളോ, സാമ്പത്തിക ഏറ്റകുറച്ചിലുകളോ ഉണ്ടായിരിക്കുന്നതല്ല.

(6). അംഗത്വം

കൂട്ടായ്മയുടെ സുഖമമായ നടത്തിപ്പിനായി ജില്ലാ കൂട്ടായ്മയും താലൂക്ക് അടിസ്ഥാനമാക്കി യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നതാണ്.

1. പ്രവര്‍ത്തന പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള 18 വയസ് പൂര്‍ത്തിയായ എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും അംഗമായി ചേരാവുന്നതാണ്.

2. അംഗമായി ചേരുന്നവര്‍ 350 രൂപ പ്രവേശന ഫീസും തുടര്‍ന്ന് പ്രതിവര്‍ഷം 180 രൂപ വരിസംഖ്യയും നല്‍കേണ്ടതാണ്.

3. അംഗമായി ചേരുന്നവര്‍ അംഗത്വ രജിസ്റ്ററില്‍ പേരും വിലാസവും അംഗമായി ചേരുന്ന തീയതിയും ചേര്‍ത്ത് ഒപ്പുവെക്കേണ്ടതാണ്. അംഗത്വം യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല.

4. അംഗത്വത്തിനുള്ള അപേക്ഷ പരിശോധിച്ച് അവയെപ്പറ്റി തീരുമാനമെടുക്കുവാനുള്ള അധികാരം ഭരണസമിതിക്ക് മാത്രമായിരിക്കും.

5. മൂന്ന് മാസത്തിലധികം കാലം വരിസംഖ്യ മുടക്കമുള്ള യാതൊരാള്‍ക്കും വോട്ടു ചെയ്യുന്നതിനോ അംഗമായി ഗണിക്കുന്നതിനോ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത അംഗത്തിന് നോട്ടീസ് നല്‍കി അംഗത്വത്തില്‍ നിന്നും പുറത്താക്കാവുന്നതാണ്.

6. കൂട്ടായ്മയുടെ നിബന്ധനകള്‍ക്കും നയത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത്തരം കാര്യങ്ങളില്‍ ഭരണസമിതി രേഖാമൂലം കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കേണ്ടതും 14 ദിവസത്തിനകം തക്കതായ സമാധാനം നല്‍കാതിരിക്കുകയോ മേല്‍പ്പറഞ്ഞ സമാധാനം പരിശോധിച്ച് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ബോധ്യപ്പെടുന്നപക്ഷം പൊതുയോഗത്തിന്റെ അനുമതിയോടെ അംഗത്വത്തില്‍ നിന്നും ഒഴിവാക്കാന്‍ ഭരണസമിതിക്ക് അധികാരമുണ്ടായിരിക്കും. ഇപ്രകാരം ഒഴിവാക്കപ്പെടുന്നവര്‍ക്ക് അടച്ച വരിസംഖ്യ തിരിച്ചുനല്‍കുന്നതല്ല.

(7). പൊതുയോഗം

1. കൂട്ടായ്മയിലെ അംഗത്വ രജിസ്റ്ററില്‍ പേരുള്ള അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചു കൂട്ടുന്ന യോഗത്തിന് പൊതുയോഗം എന്നുപറയുന്നു.

2. കൂട്ടായ്മയെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും പരമാധികാരം പൊതുയോഗത്തിനായിരിക്കും. പൊതുയോഗ തീരുമാനം അന്തിമവും എല്ലാ അംഗങ്ങളും അനുസരിക്കുവാന്‍ ബാധ്യസ്ഥരുമായിരിക്കും.

3. വരിസംഖ്യ കുടിശ്ശികയില്ലാത്ത എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കും.

4. പൊതുയോഗത്തിന്റെ കോറം നിലവിലുള്ള അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗം അഥവാ 40 % ഏതാണ് കുറവ് ആയിരിക്കും.

5. വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പൊതുയോഗം ചേരേണ്ടതാണ്.

വാര്‍ഷിക പൊതുയോഗം

1. വാര്‍ഷിക പൊതുയോഗം എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ ചേരാവുന്നതാണ്. വാര്‍ഷിക പൊതുയോഗത്തിന് രണ്ടാഴ്ച മുമ്പായി കാര്യപരിപാടി സഹിതം അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കേണ്ടതാണ്.

2. വാര്‍ഷിക പൊതുയോഗത്തില്‍വച്ച് പുതിയ ഭരണസമിതി അംഗങ്ങളേയും വരവുചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ഒരു ഓഡിറ്ററേയും തെരഞ്ഞെടുക്കേണ്ടതാണ്. അവശ്യ സമയത്ത് ഓഡിറ്റിംഗ് തൊഴിലായി സ്വീകരിച്ചവരുടെ സേവനം തേടാവുന്നതാണ്. കൂട്ടായ്മയുടെ ഉന്നമനത്തിനായി ഒരാളെ രക്ഷാധികാരിയായി തിരഞ്ഞെടുക്കാവുന്നതാണ്.

3. പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവു ചെലവ് കണക്ക് സ്‌റ്റേറ്റ്‌മെന്റ്, ബാലന്‍സ് ഷീറ്റ് എന്നിവ സെക്രട്ടറി വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ച് പാസാക്കേണ്ടതാണ്.

അസാധാരണ പൊതുയോഗം

1. 25 ശതമാനത്തില്‍ കുറയാതെ അംഗങ്ങള്‍ രേഖാമൂലം കാരണസഹിതം ആവശ്യപ്പെടുകയാണെങ്കില്‍ സെക്രട്ടറി അസാധാരണ പൊതുയോഗം വിളിച്ചുകൂട്ടേണ്ടതാണ്. ടി പൊതുയോഗത്തിന് 10 ദിവസം മുമ്പ് അജണ്ട സഹിതം നോട്ടീസ് എല്ലാ അംഗങ്ങള്‍ക്കും നല്‍കേണ്ടതാണ്. പൊതുയോഗത്തില്‍ അജണ്ട പ്രകാരമുള്ള കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യുവാന്‍ പാടുള്ളൂ. സെക്രട്ടറിയുടെ അഭാവത്തില്‍ പ്രസിഡന്റിന് ഭരണസമിതിയുമായി ആലോചിച്ച് പൊതുയോഗം വിളിച്ചുകൂട്ടാവുന്നതാണ്.

(8) ഭരണസമിതി

കൂട്ടായ്മയുടെ സുഖമമായ നടത്തിപ്പിനായി ജില്ലാ കൂട്ടായ്മയും താലൂക്ക് അടിസ്ഥാനമാക്കി യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നതാണ്.

1. പൊതുയോഗം തിരഞ്ഞെടുക്കുന്ന ഏഴ് അംഗങ്ങള്‍ അടങ്ങിയ ഭരണസമിതിയില്‍ കൂട്ടായ്മയുടെ ഭരണം നിക്ഷിപ്തമായിരിക്കും.

2. ഭരണസമിതിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഖജാന്‍ജി എന്നിവര്‍ കൂട്ടായ്മയുടെ ഔദ്യോഗിക ഭാരവാഹികള്‍ ആയിരിക്കും.

3. ഭരണ സമിതി മൂന്ന് മാസത്തില്‍ ഒരുതവണ യോഗം ചേരേണ്ടതാണ്. ഭരണസമിതിയുടെ കോറം മൊത്തം ഭരണസമിതി അംഗങ്ങളുടെ പകുതിയേക്കാള്‍ കൂടുതല്‍ ആയിരിക്കും.

4. തുടര്‍ച്ചയായി മൂന്ന് ഭരണസമിതി യോഗങ്ങളില്‍ കാരണം കൂടാതെ ഹാജരാകാത്ത അംഗങ്ങളെ ഭരണസമിതിയില്‍നിന്ന് നീക്കം ചെയ്യാവുന്നതാണ്.

5. ഭരണസമിതിയില്‍ ഉണ്ടാകുന്ന ഒഴിവ് പിന്നീട് കൂടുന്ന പൊതുയോഗത്തില്‍വച്ച് നികത്തേണ്ടതാണ്. ഭരണസമിതിയുടെ കാലാവധി ഒരു വര്‍ഷമായിരിക്കും.

(9). ഭരണസമിതിയുടെ അധികാരങ്ങളും ചുമതലകളും

1. പൊതുയോഗ തീരുമാനങ്ങള്‍ക്ക് വിധേയമായി നിയമാവലിയനുസരിച്ച് കൂട്ടായ്മയുടെ ഭരണം നടത്തുക ഭരണസമിതിയാണ്.

2. കൂട്ടായ്മയ്ക്ക് വേണ്ടി ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തുക, ആവശ്യമായ സ്ഥാവരജംഗമ വസ്തുകള്‍ സ്ഥാപിച്ച് നടത്തുക എന്നിവ ഭരണസമിതിയുടെ ചുമതലയാണ്.

3. കൂട്ടായ്മയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഉത്തരവാദിത്വം ഭരണസമിതിക്കായിരിക്കും.

4. ഭരണസമിതി അംഗങ്ങളില്‍ നിന്നും വരിസംഖ്യ ക്രമാനുസരണം പിരിച്ചെടുക്കേണ്ടതും വരവു ചെലവു കണക്കുകള്‍ ക്രമപ്രകാരം സൂക്ഷിക്കേണ്ടതാണ്.

5. സൊസൈറ്റി രജിസ്ട്രാര്‍ മുമ്പാകെ ഹാജരാക്കേണ്ടതായ രേഖകള്‍ സമയാസമയങ്ങളില്‍ ഹാജരാക്കേണ്ട ചുമതല ഭരണസമിതിയ്ക്കായിരിക്കും.

(10). പ്രസിഡന്റ്

1. പ്രസിഡന്റിന് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടവും നിയന്ത്രണവും ഉണ്ടായിരിക്കേണ്ടതാണ്.

2. പൊതുയോഗങ്ങളിലും ഭരണസമിതി യോഗങ്ങളിലും പ്രസിഡന്റ് അധ്യക്ഷത വഹിക്കേണ്ടതും യോഗ നടപടികളില്‍ ഒപ്പുവയ്‌ക്കേണ്ടതുമാണ്.

3. വോട്ടെടുപ്പ് സമയത്ത് വോട്ടുകള്‍ തുല്യമായി വന്നാല്‍ പ്രസിഡന്റിന് കാസ്റ്റിങ് വോട്ട് ചെയ്യാവുന്നതാണ്.

(11). വൈസ് പ്രസിഡന്റ്

1. പ്രസിഡന്റിനെ ഭരണകാര്യങ്ങളില്‍ സഹായിക്കുക വൈസ് പ്രസിഡന്റിന്റെ ചുമതലയാണ്.

2. പ്രസിഡന്റിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ വൈസ് പ്രസിഡന്റ് നിര്‍വഹിക്കേണ്ടതാണ്. എന്നാല്‍ വൈസ് പ്രസിഡന്റ് പ്രധാന രേഖകളില്‍ ഒപ്പുവയ്ക്കുവാന്‍ പാടുള്ളതല്ല.

(12). സെക്രട്ടറി

1. ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരം കൂട്ടായ്മയുടെ ദൈനംദിന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ചുമതല സെക്രട്ടറിയില്‍ നിക്ഷിപ്തമാണ്.

2. പൊതുയോഗങ്ങളും ഭരണസമിതി യോഗങ്ങളും യഥാസമയം വിളിച്ചുകൂട്ടേണ്ടത് സെക്രട്ടറിയാണ്.

3. കൂട്ടായ്മയ്ക്ക് ആവശ്യമുള്ള സകല റിക്കാര്‍ഡുകളും പൊതുയോഗങ്ങളുടേയും ഭരണസമിതി യോഗങ്ങളുടേയും മിനിറ്റ്‌സ് എഴുതി സൂക്ഷിക്കുക, കൂട്ടായ്മയെ സംബന്ധിച്ച സകല എഴുത്തുകുത്തുകളും നടത്തുക എന്നിവ ചെയ്യേണ്ടത് സെക്രട്ടറിയാണ്.

4. കൂട്ടായ്മയ്ക്കുവേണ്ടി വ്യവഹാരങ്ങള്‍ നടത്തേണ്ടത് സെക്രട്ടറിയാണ്.

5. ഭരണസമിതി തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുവാനുള്ള ചുമതല സെക്രട്ടറിക്കായിരിക്കും.

(13). ജോയിന്റ് സെക്രട്ടറി

1. സെക്രട്ടറിയെ ഭരണകാര്യങ്ങളില്‍ സഹായിക്കുക, സെക്രട്ടറിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുക എന്നിവ ജോയിന്റ് സെക്രട്ടറിയുടെ ചുമതലയാണ്.

(14). ഖജാന്‍ജി

1. കൂട്ടായ്മയുടെ വരിസംഖ്യ, മറ്റുതരത്തിലുള്ള വരവുകള്‍ എന്നിവ പിരിച്ചെടുക്കുക ഖജാന്‍ജിയുടെ ചുമതലയാണ്.

2. പണം സംബന്ധിച്ച സകല ഇടപാടുകളുടേയും ഉത്തരവാദിത്വം ഖജാന്‍ജിക്കായിരിക്കും.

3. കൂട്ടായ്മയുടെ വരവു ചെലവു കണക്കുകള്‍ കൃത്യമായി എഴുതി സൂക്ഷിക്കുക, ഔദ്യോഗിക രശീതികള്‍ ഒപ്പിട്ടു കൊടുക്കുക, പാസ്ബുക്കുകളും ചെക്കുബുക്കുകളും സൂക്ഷിക്കുക എന്നിവ ഖജാന്‍ജിയുടെ ചുമതലയില്‍പെടുന്നു.

4. അടിയന്തിരാവശ്യങ്ങള്‍ക്കായി 2000 രൂപ വരെയുള്ള സംഖ്യ ഖജാന്‍ജിയുടെ കൈവശം സൂക്ഷിക്കാവുന്നതാണ്.

(15). ഓഡിറ്റര്‍

1. കൂട്ടായ്മയുടെ വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി ഭരണസമിതി അംഗമല്ലാത്ത ഒരാളെ പൊതുയോഗം ഓഡിറ്ററായി തെരഞ്ഞെടുക്കേണ്ടതാണ്.

2. ഓഡിറ്റര്‍ വാര്‍ഷിക പൊതുയോഗത്തിന് മുമ്പായി വരവു ചെലവു കണക്കുകള്‍ പരിശോധിച്ച് സെക്രട്ടറിക്ക് പൊതുയോഗത്തില്‍ അവതരിപ്പിക്കാനായി കൈമാറേണ്ടതാണ്.

(16). കൂട്ടായ്മയില്‍ സൂക്ഷിക്കേണ്ട റിക്കാര്‍ഡുകള്‍

1. നിയമാവലി, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്

2. മിനിറ്റ്‌സ് / റെക്കോര്‍ഡ് ബുക്ക്

3. അംഗത്വ രജിസ്റ്റര്‍

4. രസീതി / വൗച്ചര്‍ ബുക്ക്

5. വരവ്, ചെലവ് എന്നിവയുടെ ബുക്ക്

6. സ്ഥാവര ജംഗമ വസ്തുക്കളുടെ രജിസ്റ്റര്‍

7. ബാങ്ക് പാസ് ബുക്ക്, ചെക്ക് ബുക്ക്

8. വരുന്നതും അയക്കുന്നതുമായ കത്തുകളുടേയും മറ്റു രജിസ്റ്ററും ഫയലും

9. ലെറ്റര്‍ ഹെഡ്, സീലുകള്‍ മുതലായവ

10. കൂട്ടായ്മയ്ക്കു വേണ്ടതായ മറ്റു റിക്കാര്‍ഡുകള്‍

(17). കൂട്ടായ്മയുടെ ആസ്തി

കൂട്ടായ്മയുടെ വകവായ സ്ഥാവര ജംഗമ വസ്തുകള്‍ അതാതു കാലങ്ങളിലെ ഭരണസമിതിയില്‍ തല്‍ക്കാലത്തേക്ക് നിക്ഷിപ്തമായിരിക്കുന്നതാണ്. കൂട്ടായ്മയ്ക്കുവേണ്ടി വാങ്ങുന്ന വസ്തുവകകള്‍ അതാതുകാലത്തെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും കൂട്ടായ പേരില്‍ വാങ്ങേണ്ടതാണ്. കൂട്ടായ്മയുടെ ആസ്തി യാതൊരു കാരണവശാലും അംഗങ്ങള്‍ക്കിടയില്‍ വീതിക്കുവാന്‍ പാടില്ലാത്തതാകുന്നു.

(18). പ്രവര്‍ത്തന ഫണ്ട്

1. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അംഗത്വഫീസ്, വരിസംഖ്യ, സംഭാവന, സര്‍ക്കാരില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായങ്ങള്‍ എന്നിവയിലൂടെ ഫണ്ട് സ്വരൂപിക്കാവുന്നതാണ്.

2. കൂട്ടായ്മയുടെ ഫണ്ട് പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി എന്നിവയുടെ പേരില്‍ സംയുക്തമായി ഒരു അംഗീകൃത ബാങ്കില്‍ നിക്ഷേപിക്കേണ്ടതാണ്.

3. പൊതുയോഗ തീരുമാനങ്ങള്‍ക്ക് വിധേയമായി കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിവരുന്ന ചെലവുകള്‍ക്ക് ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കാവുന്നതാണ്.

4. പ്രവര്‍ത്തനഫണ്ടില്‍ നിന്നും വിനിയോഗിക്കുന്ന പണത്തിന്റെ കൃത്യമായ രേഖകള്‍ സൂക്ഷിക്കുവാന്‍ ഭരണസമിതി ബാധ്യസ്ഥമാണ്.

5. പ്രവര്‍ത്തനഫണ്ട് യാതൊരു കാരണവശാലും അംഗങ്ങള്‍ക്കിടയില്‍ വീതിക്കുവാന്‍ പാടില്ലാത്തതാകുന്നു.

(19). വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കല്‍

കൂട്ടായ്മയുടെ വാര്‍ഷിക പൊതുയോഗം ചേര്‍ന്ന് 14 ദിവസത്തിനകം പുതിയ വര്‍ഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളുടെ ലിസ്റ്റ്, പൊതുയോഗം പാസാക്കിയ വരവു ചെലവു കണക്ക് സ്‌റ്റേറ്റ്‌മെന്റ്, ബാലന്‍സ് ഷീറ്റ് എന്നിവയില്‍ മൂന്ന് ഭരണസമിതി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും സഹിതം സൊസൈറ്റി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

(20). രജിസ്‌ട്രേര്‍ഡ് ഓഫീസ്

കൂട്ടായ്മയ്ക്ക് രജിസ്‌ട്രേര്‍ഡ് ഓഫീസും മുദ്രയും നെയിം ബോര്‍ഡും ഉണ്ടായിരിക്കും.

(21). നിയമാവലി ഭേദഗതി

മെമ്മോറാണ്ടത്തിലോ നിയമാവലിയിലോ ഭേദഗതി വരുത്തുന്നതിനു ഭരണസമിതി തീരുമാനിക്കുന്നപക്ഷം പ്രമേയം എഴുതിയതോ അച്ചടിച്ചതോ സമര്‍പ്പിക്കേണ്ടതും അതിന്റെ പര്യാലോചനക്കായി 10 ദിവസത്തെ നോട്ടീസ് നല്‍കി പൊതുയോഗം വിളിച്ചുകൂട്ടേണ്ടതാണ്. ഈ പ്രമേയം അംഗങ്ങളില്‍ അഞ്ചില്‍ മൂന്ന് ഭാഗം നല്‍കുന്ന വോട്ടുകള്‍മൂലം ആദ്യത്തെ പൊതുയോഗത്തില്‍ അംഗീകരിച്ചതിനുശേഷം ഒരു മാസത്തെ ഇടവിട്ട് ഭരണസമിതി വിളിച്ചുകൂട്ടുന്ന രണ്ടാമതൊരു പ്രത്യേക പൊതുയോഗത്തില്‍ ഹാജരാകുന്ന അഞ്ചില്‍ മൂന്ന് ഭാഗം അംഗങ്ങളുടെ വോട്ടുമൂലം പാസാക്കി നടപ്പില്‍ വരുത്താവുന്നതാണ്. നിയമാവലി ഭേദഗതിയുടെ ഒരു കോപ്പി ശരിപ്പകര്‍പ്പാണെന്ന് ഭരണസമിതിയിലെ മൂന്നില്‍ കുറയാതെയുളള അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തി പൊതുയോഗത്തിന്റെ തീയതി മുതല്‍ 14 ദിവസത്തിനകം സൊസൈറ്റി രജിസ്ട്രാര്‍ മുമ്പാകെ ഫയല്‍ ചെയ്യേണ്ടതാണ്.

(22). കൂട്ടായ്മ പിരിച്ചുവിടല്‍

കൂട്ടായ്മയിലെ അംഗങ്ങളില്‍ നാലില്‍ മൂന്ന് ഭാഗത്തില്‍ കുറയാത്ത അംഗങ്ങള്‍ കൂട്ടായ്മ പിരിച്ചുവിടണമെന്ന് തീര്‍ച്ചപ്പെടുത്തുന്നപക്ഷം 1955 ലെ 12-ാമത് തിരു-കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ ആക്ടിന് വിധേയമായി കൂട്ടായ്മയുടെ സകല കടബാധ്യതകളും കൊടുത്തുതീര്‍ത്ത ശേഷം അവശേഷിക്കുന്ന സ്വത്ത് സമാന സ്വഭാവമുള്ള രജിസ്റ്റര്‍ ചെയ്ത മറ്റേതെങ്കിലും സംഘത്തിനോ അഥവാ സര്‍ക്കാരിലേക്കോ വിട്ടുകൊടുക്കേണ്ടതാണ്. അല്ലാതെ അംഗങ്ങള്‍ക്കിടയില്‍ വീതിച്ചെടുക്കുവാന്‍ പാടില്ലാത്തതാകുന്നു.

(23). 1955 ലെ 12-ാമത് തിരു-കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ ആക്ടിലെ എല്ലാ വ്യവസ്ഥകളും ഈ കൂട്ടായ്മയ്ക്ക് ബാധകമായിരിക്കും.

2020 ഫെബ്രുവരി 01 നു ചേര്‍ന്ന കൂട്ടായ്മയുടെ പൊതുയോഗത്തില്‍വച്ച് സര്‍വസമ്മതമായി അംഗീകരിച്ച നിയമാവലിയുടെ ശരിപ്പകര്‍പ്പാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

1. പ്രസിഡന്റ്: സജീവ് എസ് എസ്

2. സെക്രട്ടറി: വിനോദ് കുമാര്‍ വി കെ

3. ഖജാന്‍ജി: അജിത ജെ എസ്‌

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക
Back to top button