ഭിന്നശേഷിക്കാരെ സംരംഭകരാക്കാന്‍ ‘കൈവല്യ വായ്പ’ പദ്ധതി

ഭിന്നശേഷിക്കാർക്കു നൈപുണ്യ വികസനം, സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്കു സർക്കാർ സബ്സിഡിയും വായ്പയും നൽകുന്ന പദ്ധതിയാണു ‘കൈവല്യ’. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണിതു നടപ്പാക്കുന്നത്.

ആനുകൂല്യങ്ങൾ

സ്വയംതൊഴിൽ കണ്ടെത്താൻ ഒരാൾക്ക് 50,000 രൂപ വരെ വായ്പ അനുവദിക്കുന്നതാണു പദ്ധതി.

ആവശ്യമെങ്കിൽ ഒരു ലക്ഷം രൂപ വരെ നൽകും. ഗ്രൂപ്പ് സംരംഭങ്ങളെയും പരിഗണിക്കും. ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഇതേ നിരക്കിൽ വായ്പ ലഭിക്കാനുള്ള അവസരമുണ്ട്.

വായ്പാതുകയുടെ 50% വരെ സർക്കാർ സബ്സിഡി ലഭിക്കുന്നു എന്നതാണു പ്രധാന ആകർഷണ ഘടകം. പരമാവധി 25,000 രൂപ വരെയാണു സബ്സിഡി അനുവദിക്കുക.

സേവനം, ലഘുനിർമാണ സ്ഥാപനങ്ങൾ, വ്യാപാരം, കൃഷി എന്നിവയ്ക്കെല്ലാം അനുകൂല്യം ലഭിക്കും.

യോഗ്യതകൾ

* സംരംഭകൻ 21 നും 55 നുമിടയിൽ പ്രായമുള്ളയാളാകണം.

* കുടുംബവാർഷിക രുമാനം 2 ലക്ഷം രൂപയിൽ കവിയരുത്.

* വിദ്യാഭ്യാസ യോഗ്യതയിൽ നിഷ്കർഷയില്ല. എഴുതാനും വായിക്കാനും അറിഞ്ഞാൽ മതി.

* എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തിരിക്കണം.

* കൂടുതൽ അംഗവൈകല്യം ഉണ്ടെങ്കിൽ ഒരു ബന്ധുവിനെക്കൂടി ഉൾപ്പെടുത്തി വായ്പ അനുവദിക്കും.

നടപടികൾ

അപേക്ഷാഫോം സൗജന്യമായി ലഭിക്കും. റജിസ്ട്രേഷൻ നിലവിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

തിരിച്ചറിയൽ രേഖ, ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥിരം ആസ്തിക്കു ക്വട്ടേഷൻ എന്നിവ അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം.

ജില്ലാ കലക്ടർ ചെയർമാനും ബന്ധപ്പെട്ട റീജനൽ എംപ്ലോയ്മെന്റ് ഓഫിസർ കൺവീനറുമായ ജില്ലാതല സമിതിയാണ് അപേക്ഷ പരിശോധിച്ച് അംഗീകരിക്കുക.

അപേക്ഷകൻ ഒരു സംരംഭക വികസന പരിശീലന പരിപാടിയിൽ പങ്കെടുത്തിരിക്കണം.

മൂന്നു മാസത്തിനു ശേഷം ത്രൈമാസ തവണകളായി വായ്പ തിരിച്ചടച്ചാൽ മതി.

രൂപരേഖ തയാറാക്കാനും സ്ഥാപനം നടത്തിക്കൊണ്ടുപോകാനും വേണ്ട കൈത്താങ്ങ് സഹായവും എംപ്ലോയ്മെന്റ് വകുപ്പിൽനിന്നു നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് employmentkerala.gov.in.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button