മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണം ലഭ്യമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

1000 പേര്‍ക്ക് ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ നല്‍കുന്ന 'ശ്രവണ്‍' പദ്ധതിയ്ക്ക് തുടക്കം

തിരുവനന്തപുരം: സഹായ ഉപകരണങ്ങള്‍ ആവശ്യമായ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

അതിനാവശ്യമായ തുക വികലാംഗ ക്ഷേമ കോര്‍പറേഷന് നല്‍കുന്നതാണ്. കഴിഞ്ഞ 4 വര്‍ഷമായി വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വിവിധ പദ്ധതികളിലൂടെ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കി വരുന്നു.

ശുഭയാത്ര, കാഴ്ച തുടങ്ങിയവ ഇത്തരത്തിലുള്ള ശ്രദ്ധേയ പദ്ധതികളാണ്.

കേഴ്‌വി പരിമിതി നേരിടുന്ന 1000 പേര്‍ക്ക് ഈ വര്‍ഷം ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോര്‍പറേഷന്റ ‘ശ്രവണ്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം കരിക്കകം സ്വദേശി ഹരിദാസ്, ചിറയിന്‍കീഴ് സ്വദേശിനി ജി. ചന്ദ്രിക എന്നിവര്‍ക്കാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

വിവിധ ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി മറ്റുള്ളവര്‍ക്ക് ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നതാണ്.

സംസ്ഥാനത്തെ ഭിന്നശേഷിക്കാക്കാര്‍ക്ക് സഹായകമായ നിരവധി നൂതന സഹായ ഉപകരണങ്ങളാണ് വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സൗജന്യമായി വിതരണം ചെയ്തു വരുന്നത്.

ഇതിന്റെ ഭാഗമായി ചലന പരിമിതിയുള്ള 1,500 ഓളം പേര്‍ക്ക് മുച്ചക്ര വാഹനവും കാഴ്ച പരിമിതിയുള്ള 1000 പേര്‍ക്ക് സ്മാര്‍ട്ട് ഫോണും അതുപയോഗിക്കുന്നതിനുള്ള ദ്വിദിന പരിശീലനവും നല്‍കിയിരുന്നു.

കൂടാതെ 120ഓളം ഇനത്തിലുള്ള സഹായ ഉപകരണങ്ങള്‍ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസ് വഴിയും ഉപകരണ നിര്‍മ്മാണ യൂണിറ്റായ എം.ആര്‍.എസ്.റ്റി. വഴിയും റീജിയണല്‍ ഓഫീസുകള്‍ വഴിയും വിവിധ ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തിയും വിതരണം ചെയ്തു വരികയാണ്.

ഇതുകൂടാതെയാണ് 1000 പേര്‍ക്ക് ഡിജിറ്റല്‍ ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നത്.

വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി സ്വാഗതം ആശംസിച്ചു.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി.

കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഒ. വിജയന്‍, ഗിരീഷ് കീര്‍ത്തി, കെ.ജി. സജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജൂനിയര്‍ സൂപ്രണ്ട് സി.എസ്. രാജാംബിക കൃതജ്ഞത പറഞ്ഞു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button