ഭിന്നശേഷി ജീവനക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ചിറ്റമ്മ നയം

സംസ്ഥാന സര്‍വീസിലുള്ള ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാതെ സര്‍ക്കാര്‍. നിയമനത്തിനു പുറമേ സ്ഥാനക്കയറ്റത്തിലും സംവരണമാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും സാമൂഹ്യ നീതി വകുപ്പ് അനങ്ങാപാറ നയമാണ് സ്വീകരിച്ചുവരുന്നത്.

2016 ജൂണ്‍ 10 ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിരവധി സംസ്ഥാനങ്ങള്‍ നടപ്പാക്കിയിട്ടും കേരളം നാളിതുവരെ വിമുഖത കാണിക്കുകയാണ്. സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാത്തതിനാല്‍ നിരവധി വര്‍ഷത്തെ ആനുകൂല്യങ്ങളാണ് ഭിന്നശേഷി ജീവനക്കാര്‍ക്ക് നഷ്ടമാകുന്നത്.

2018 ല്‍ സ്ഥാനക്കയറ്റ സംവരണം അനുവദിക്കുന്ന വിഷയം സുപ്രീംകോടതി വിധിയുടെയും 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെയും വെളിച്ചത്തില്‍ പരിശോധിക്കാന്‍ ഭരണ പരിഷ്‌കാര വകുപ്പ് നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

ഭിന്നശേഷി സ്ഥാനക്കയറ്റ സംവരണം കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കും എന്ന വ്യവസ്ഥയില്‍ ഭരണവകുപ്പിന് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് നിയമ വകുപ്പ് ഉപദേശം നല്‍കി.

എന്നാല്‍ 2019 ല്‍ ചേര്‍ന്ന സാമൂഹ്യ നീതിവകുപ്പിന്റെ എക്‌സ്‌പെര്‍ട്ട് കമ്മിറ്റി വിഷയം നിലവില്‍ പരിഗണിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് എത്തിച്ചേര്‍ന്നത്. ഇത്തരമൊരു തീരുമാനമെടുക്കാന്‍ എക്‌സ്‌പെര്‍ട്ട് കമ്മിറ്റിക്ക് അധികാരമുണ്ടോ എന്ന സംശയവും ഭിന്നശേഷി ജീവനക്കാര്‍ ഉന്നയിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയെ തുടര്‍ന്ന് 2020 ജനുവരി 14 നു ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണമാകാമെന്ന് വീണ്ടും സുപ്രീംകോടതി വിധിച്ചു. ഇതിനുശേഷവും അനങ്ങാപ്പാറ നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.

2020 മേയ് മാസത്തില്‍ എക്‌സ്‌പെര്‍ട്ട് കമ്മിറ്റി ചേരുകയും സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ സബ് കമ്മിറ്റി രൂപീകരിച്ച് രണ്ട് മാസത്തിനുള്ളില്‍ സ്ഥാനക്കയറ്റ സംവരണത്തില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തെങ്കിലും നാളിതുവരെയായിട്ടും കമ്മിറ്റി രൂപീകരിച്ചിട്ടില്ല എന്നാണ് വിവരാവകാശത്തിന് ലഭിച്ച മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്.

വിഷയം സംബന്ധിച്ച് വിവിധ കോടതി വിധികളുടെ പകര്‍പ്പുകള്‍ സഹിതം ഭിന്നശേഷി ജീവനക്കാരും സംഘടനകളും നല്‍കിയ നിവേദനങ്ങള്‍ സെക്രട്ടേറിയറ്റില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുകയാണ്.

ഓരോ ഫയലിലും ഓരോ ജീവിതം എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഭിന്നശേഷി ജീവനക്കാരുടെ വിഷയങ്ങളില്‍ വെറും വാക്കായി മാറുകയാണ്.

ഭരണഘടനയുടെ 142 അനുഛേദം പ്രകാരം സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്.

സുപ്രീംകോടതി വിധി അനുസരിക്കാന്‍ ചില വിഷയങ്ങളില്‍ വ്യഗ്രത കാട്ടുന്ന സര്‍ക്കാര്‍ ഭിന്നശേഷി ജീവനക്കാരുടെ കാര്യത്തില്‍ അലംഭാവം തുടരുകയാണെന്ന് ഭിന്നശേഷി കൂട്ടായ്‍മ ഭാരവാഹികൾ പറഞ്ഞു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button