സ്ഥാനാർഥികളുടെ പേരും ചിഹ്നവും സ്റ്റിക്കർ ഒട്ടിച്ച് പേപ്പർ പേന നിർമിച്ചു നൽകുകയാണ് ഭിന്നശേഷിക്കാരുടെ കൂട്ടായ്മ. പ്രചാരണത്തിന് മാത്രമല്ല പേപ്പർ പേന നിർമാണം ഇവർക്ക് അതിജീവനത്തിന്റെ വഴി കൂടിയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ രീതിയും പരിസ്ഥിതി സൗഹൃദ സന്ദേശത്തോടൊപ്പം ജീവിതച്ചെലവും കണ്ടെത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
വൈകല്യം അതിജീവിച്ച് കോവിഡ് കാലത്തിനു മുൻപ് 40000 പേപ്പർ പേനകളാണ് ജില്ലയിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മ നിർമിച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ഇവർ നിർമിച്ച പേപ്പർ പേനകൾ വിപണനം നടത്താൻ സാധിക്കാത്ത അവസ്ഥയിലായി.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നതോടെ പുത്തൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പേപ്പർ പേനയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളുടെ പേരും പടവും ചിഹ്നവും പതിപ്പിച്ചു നൽകും.
ഇവർ നിർമിക്കുന്ന പേപ്പർ പേന മണ്ണിൽ ലയിക്കും. മാത്രമല്ല പേനയുടെ ഒരു ഭാഗത്ത് പച്ചക്കറി–സസ്യ വിത്തുണ്ട്. ഇവ പേന മണ്ണിൽ ലയിക്കുന്നതോടൊപ്പം മുളയ്ക്കുകയും ചെയ്യും.
അതിജീവനത്തിനായി ഭിന്നശേഷിക്കാർ നിർമിക്കുന്ന പ്രകൃതിയോട് ഇണങ്ങിയുള്ള പേപ്പർ പേന സർക്കാർ ഓഫിസുകളിൽ ഉപയോഗിക്കാൻ അധികൃതർ നിർദേശം നൽകിയാൽ സഹായമാകുമെന്നു കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക