മാതൃകയായി വി ഡിസര്‍വ്; 3745 പേര്‍ക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, 757 പേര്‍ക്ക് സഹായ ഉപകരണങ്ങള്‍

കാസർകോട്​: ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കു മൂന്നു ഘട്ടങ്ങളിലായി ജില്ല ഭരണകൂടത്തി​ൻെറ നേതൃത്വത്തില്‍ നടന്ന വി ഡിസര്‍വ് ക്യാമ്പില്‍ 4886 പേര്‍ പങ്കെടുത്തു.

3745 പേര്‍ക്ക് ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും 757 പേര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കിയതായും ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.

വി ഡിസര്‍വ് പദ്ധതിയുടെ തുടര്‍നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തില്‍ ശ്രദ്ധയും അംഗീകാരവും നേടിയ പദ്ധതിക്ക് 2020ലെ നാഷനല്‍ ഇ ഗവേണന്‍സ് പുരസ്‌കാരവും ലഭിച്ചിരുന്നു.

പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. വി ഡിസര്‍വ് പദ്ധതിയുടെ അടുത്തഘട്ട ക്യാമ്പുകള്‍ ജനുവരി പകുതിയോടെ ആരംഭിച്ച് മാര്‍ച്ച് ആദ്യവാരത്തില്‍ അവസാനിക്കും. ഇതിനായി കെ.എസ്.എസ്.എം ജില്ല കോഓഡിനേറ്ററെ ചുമതലപ്പെടുത്തി.

ഭിന്നശേഷിക്കാര്‍ക്ക് ജില്ല ഭരണകൂടത്തി​ൻെറ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കും. ഡോക്ടര്‍മാരുടെ ഡിജിറ്റല്‍ സൈന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും അത് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.

മെഡിക്കല്‍ ബോര്‍ഡിൽ ചെയര്‍മാനും സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കും. പഠന വൈകല്യം, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കുള്ള ഐ ക്യൂ പരിശോധനക്കുള്ള സംവിധാനവും ഒരുക്കും.

ഇതിനു പുറമേ കേള്‍വി പരിശോധന, കാഴ്ച പരിശോധന സംവിധാനങ്ങളും ലഭ്യമാക്കാന്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.കെ. ഷാൻറിയെ ചുമതലപ്പെടുത്തി.

വി ഡിസര്‍വ് ക്യാമ്പില്‍ സഹായിക്കുന്നതിനായി സ്​റ്റുഡൻറ്​സ്​ വളൻറിയര്‍മാരുടെ സേവനം ലഭ്യമാക്കും. യാത്രാസൗകര്യവും ഭക്ഷണവും ലഭ്യമാക്കുന്നതിനോടൊപ്പം വളൻറിയര്‍മാര്‍ക്ക് ജില്ല കലക്ടറുടെ പ്രശസ്തിപത്രവും നല്‍കും.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button