തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കോവിഡ് വാക്സിനേഷന് മുന്‍ഗണന ലഭിക്കുന്നതിന് പ്രതേൃകമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുള്ള ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ വകുപ്പിന്റെ ഉത്തരവില്‍ ഇളവ്.
2016 ലെ ഭിന്നശേഷി അവകാശ സംരക്ഷണ നിയമ പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും മെഡിക്കല്‍ ബോര്‍ഡിന്റെ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ആധികാരിക രേഖയായി സ്വീകരിക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് 18 മുതല്‍ 44 വയസ് വരെയുള്ളവരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണന നിഷ്കര്‍ഷിച്ചിരുന്നു.
മുന്‍ഗണന നല്‍കേണ്ടവരുടെ പട്ടിക ഉള്‍പ്പെടുത്തി സംസ്ഥാന ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പ്രത്യേകമായി നിശ്ചിത ഫോര്‍മാറ്റിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അനുബന്ധമായി ഹാജരാക്കണമെന്ന് പരാമര്‍ശിച്ചിരുന്നു.
ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ വാക്സിനേഷന് ആവശ്യത്തിനായി വീണ്ടും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുക എന്നത് ആക്ട് പ്രകാരം അവകാശ ലംഘനമാകുമെന്ന് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുമ്പോള്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്നു ഭിന്നശേഷിക്കാരും സംഘടനകളും സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.