ന്യൂഡല്‍ഹി: സര്‍ക്കാര്‍ പണം സ്വീകരിക്കുന്ന എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം.
സര്‍ക്കാര്‍ നിയമം നടപ്പിലാക്കാത്തവര്‍ക്ക് പണം നല്‍കുന്നത് സര്‍ക്കാര്‍ നിർത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
കേരളത്തിലെ എയ്ഡഡ് സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. ഭിന്നശേഷി സംവരണത്തിനെതിരെ എന്‍ എസ് എസും കാത്തലിക് സ്‌കൂള്‍ മാനേജ്മെന്റ് കണ്‍സോര്‍ഷ്യവും നല്‍കിയ ഹര്‍ജികള്‍ പിന്‍വലിച്ചു.
ഭിന്നശേഷി സംവരണത്തിനായി 2018 നവംബര്‍ 18 ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാത്തലിക് സ്‌കൂള്‍ മാനേജ്മെന്റ് കണ്‍സോര്‍ഷ്യവും എന്‍ എസ് എസ്സും സുപ്രീം കോടതിയെ സമീപിച്ചത്.
ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള 2016 ലെയും 1995 ലെയും നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണത്തിനാണ് നിയമം കൊണ്ടുവന്നതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
എന്നാല്‍ മാനേജ്മെന്റുകളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഭിന്നശേഷിക്കാരെ ഉള്‍കൊള്ളാന്‍ സമൂഹത്തിലെ ഒരു വിഭാഗത്തിന് ഇപ്പോഴും കഴിയുന്നില്ല. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഈ വിമുഖത പ്രകടമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
എയ്ഡഡ് സ്‌കൂളുകളുടെ ഭരണ നിര്‍വഹണത്തില്‍ സര്‍ക്കാരിന് നേരിട്ട് പങ്കില്ലെന്ന് എന്‍എസ്എസ്സിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരി വാദിച്ചു.
എന്നാല്‍ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന നിയമത്തില്‍ ഒരു ഇളവും നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നടപ്പിലാക്കിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
1996 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സംവരണം നടപ്പിലാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. മുന്‍കാല പ്രാബല്യത്തോടെ സംവരണം നടപ്പിലാക്കുന്നതിനിനെതിരെ സര്‍ക്കാരിന് നിവേദനം നല്‍കാന്‍ കോടതി ഹര്‍ജിക്കാര്‍ക്ക് അനുമതിയും നല്‍കി.