ബാക്ക്‌ലോഗ് ഒഴിവുകള്‍ ഇല്ലെന്ന സര്‍ക്കാര്‍ ഉത്തരവ്: ഭിന്നശേഷിക്കാരുടെ സാധ്യതകള്‍ മങ്ങുന്നു

തിരുവനന്തപുരം: 1996 നും 2017 നും ഇടയില്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് ബാക്ക്‌ലോഗ് ഒഴിവുകള്‍ ഇല്ലെന്ന സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നു ഭിന്നശേഷി കൂട്ടായ്മ.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

1996 നും 2017 നും ഇടയില്‍ നടത്തിയ എല്ലാ നിയമനങ്ങളിലും സംവരണം പാലിച്ചിട്ടുണ്ടെന്ന് 2019 ല്‍ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്ന് റിപ്പോര്‍ട്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്.

പിഡബ്ലിയുഡി ആക്ട് 1995 പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് മൂന്ന് ശതമാനം സംവരണം നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ സംബന്ധിച്ച് 2013 ഒക്‌ടോബര്‍ എട്ടിന് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.

നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ദി ബ്ലൈന്റ് സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്ന് നിയമം പ്രാബല്യത്തില്‍ വന്ന 1996 ഫെബ്രുവരി രണ്ട് മുതലുളള എല്ലാ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ എം. ഗിരീഷ് കുമാര്‍, എസ്. സുരേഷ് ചന്ദ്രന്‍, കെ. ബാഹുലേയന്‍ നായര്‍, എസ്. വിജയ മോഹന്‍ എന്നിവരടങ്ങിയ പാനല്‍ 2018 ഡിസംബര്‍ 27 നു സാമൂഹ്യ നീതി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

2019 മെയ് 27 ന് അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനായി സാമൂഹ്യ നീതി ഡയറക്ടര്‍ നോട്ടീസ് പ്രസിദ്ധീകരിച്ചു.

ഇംഗ്ലീഷില്‍ മാത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ രണ്ടാഴ്ച മാത്രമാണ് നല്‍കിയിരുന്നത്.

റിപ്പോര്‍ട്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയിട്ടും രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം യാതൊരു മാറ്റവും കൂടാതെ സാമൂഹ്യ നീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് ഭിന്നശേഷിക്കാരോടുള്ള കടുത്ത അവഗണനയെയാണ് സൂചിപ്പിക്കുന്നതെന്ന് ഭിന്നശേഷി കൂട്ടായ്മ ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ വി കെ പറഞ്ഞു.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, പൊതുമേഖലാ യൂണിറ്റുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള നിയമനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ബാക്ക്‌ലോഗ് ഒഴിവുകളെക്കുറിച്ച് കമ്മിറ്റി നല്‍കിയ കണക്കുകള്‍ തെറ്റാണെന്ന് വെളിപ്പെടുത്തുന്നു.

ഉത്തരവ് സര്‍ക്കാര്‍ ജോലികള്‍ക്കായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഭിന്നശേഷിക്കാരുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിനോദ് കുമാര്‍ ചൂണ്ടിക്കാട്ടി.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button