സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ ഒന്നര വർഷം പിന്നിട്ട കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സാമൂഹികനീതി വകുപ്പിൻറെ പഠനം പൂർത്തിയായി.
ഭിന്നശേഷിക്കാരുടെ ജീവിതത്തെ കോവിഡ് സാമൂഹികമായും സാമ്പത്തികമായും തളർത്തിയെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലായിരുന്നുപഠനം.
കരട് റിപ്പോർട്ടിൽ സെക്രട്ടറിതല യോഗം നിർദേശിച്ച ഭേദഗതികളോടെ 20 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും.
കോവിഡുകാലം ഭിന്നശേഷിക്കാരായ കുട്ടികളെയും മുതിർന്നവരെയും മാനസികമായും തൊഴിൽപരമായും പ്രതികൂലമായി ബാധിച്ചു എന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച പരാതികളും പ്രശ്നങ്ങളും ഭിന്നശേഷിക്കാർ വകുപ്പിൻറെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ലോട്ടറിക്കച്ചവടവും പെട്ടിക്കടയും നടത്തിയിരുന്ന ഭിന്നശേഷിക്കാരുടെ ഉപജീവനം വഴിമുട്ടി. ശാരീരിക വൈകല്യവും മറ്റ് അവശതകളുമുള്ളവർ കൂടുതൽ മുൻകരുതൽ എടുക്കേണ്ടതിനാൽ ഇളവുകൾ ലഭിച്ച ഘട്ടത്തിൽപോലും പുറത്തിറങ്ങാൻ പരിമിതികൾ ഏറെയായിരുന്നു.
സ്കൂളിൽ പോകാൻ കഴിയാതായതോടെ ഭിന്നശേഷിക്കാരായ കുട്ടികൾ അതുവരെ ആർജിച്ച കഴിവുകൾ നഷ്ടപ്പെടുന്ന അവസ്ഥയായി. തൊഴിൽ, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെല്ലാം കോവിഡ് കാലത്ത് തങ്ങൾ 10 വർഷം പിന്നോട്ടുപോയി എന്നു ഭിന്നശേഷി വിഭാഗങ്ങളിൽനിന്ന് പരാതി ഉയരുന്നു. ഈ സാഹചര്യത്തിലാണ് സാമൂഹികനീതി വകുപ്പ് കളമശ്ശേരി രാജഗിരി കോളജുമായി ചേർന്ന് പഠനം നടത്തിയത്.
പഠനത്തിൻറെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കും. ഇതിൻറെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്ന പദ്ധതികൾ സാമൂഹികനീതി വകുപ്പ് ആവിഷ്കരിക്കും.
സംഘടനകൾക്കും വ്യക്തികൾക്കും സമാന പദ്ധതികൾ ഏറ്റെടുക്കാം. അഞ്ചു മാസം നീണ്ട പഠനത്തിലൂടെയാണ് റിപ്പോർട്ട് തയാറാക്കിയത്. 10 ലക്ഷം രൂപ സാമൂഹികനീതി വകുപ്പ് പഠനത്തിന് അനുവദിച്ചിരുന്നു.
ഭിന്നശേഷിക്കാരെയും അവരുടെ രക്ഷിതാക്കളെയും കോവിഡുകാല പ്രതിസന്ധി മറികടക്കാൻ സഹായിക്കുന്നതിനും കൗൺസലിങ് ഉൾപ്പെടെ ലഭ്യമാക്കാനും സാമൂഹികനീതി വകുപ്പ് ‘സഹജീവനം’ എന്ന പേരിൽ സഹായ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.