ഭിന്നശേഷി സ്ഥാനക്കയറ്റ സംവരണം: നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി: 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ സെക്ഷൻ 34 പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ച് ഭിന്നശേഷിക്കാർക്കു സ്ഥാനക്കയറ്റത്തിൽ സംവരണം നൽകുന്നതിന് എത്രയും വേഗം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി.

ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച കർണാടക Vs സിദ്ധരാജു വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച അപേക്ഷകളിലാണ് ഉത്തരവ്.

വിധിയിൽ അവ്യക്തതകളില്ലെന്ന് പറഞ്ഞ സുപ്രീം കോടതി, സംവരണം നടപ്പാക്കുന്നതിന് നാലു മാസത്തിനുള്ളിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാനിൽ നിന്നും ഹ​ര​ജി​ക​ൾ സമർപ്പിച്ചവർക്കുവേണ്ടി ഹാജരായ അഡ്വ. രാജൻ മണിയുടെയും വാദം കേട്ടു.

നിയമം പ്രാബല്യത്തിൽ വന്നു അഞ്ചു വർഷമായിട്ടും സെക്ഷൻ 34 വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്ന് അഡ്വ. രാജൻ മണി ചൂണ്ടിക്കാട്ടി. വിശദീകരണം തേടിയുള്ള ഇപ്പോഴത്തെ അപേക്ഷകൾ വിധി ലഘൂകരിക്കാനുള്ള മറ്റൊരു ശ്രമമാണെന്ന് അദ്ദേഹം തുടർന്നു വാദിച്ചു.

അഡ്വ. രാജൻ മണിയുടെ സബ്മിഷൻ പരിഗണിച്ചുകൊണ്ട്, സ്ഥാനക്കയറ്റത്തിൽ സംവരണം ബാധകമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു എഎസ്ജിയോട് ചോദിച്ചു.

സ്ഥാനക്കയറ്റത്തിൽ സംവരണം നൽകാൻ നിർദ്ദേശങ്ങളൊന്നും കേന്ദ്രം നൽകിയിട്ടില്ലെന്നു എഎസ്ജി മറുപടി നൽകി. നിർദ്ദേശങ്ങൾ ദുർബലമാകാതിരിക്കാനാണ് വിശദീകരണം തേടാനുള്ള കാരണമെന്നും സംവരണത്തിന്റെ പ്രയോജനം വിപുലീകരിക്കുന്നതിന് മുമ്പ് മെറിറ്റ്, കാര്യക്ഷമത, പ്രാതിനിധ്യത്തിന്റെ പര്യാപ്തത എന്നീ തത്വങ്ങൾ കണക്കിലെടുക്കണമെന്നും എഎസ്ജി തുടർന്നു വാദിച്ചു.

ഭിന്നശേഷി ജീവനക്കാർക്കു പ്രൊമോഷനിൽ സംവരണം വ്യാപകമായി ബാധകമാക്കുന്നത് നിരവധി പ്രായോഗിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് എഎസ്ജി മുമ്പ് വാദിച്ചിരുന്നു.

ഹിയറിംഗിന് ശേഷം, കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതുപോലെ എന്തെങ്കിലും വിശദീകരണങ്ങൾ നൽകാൻ കാരണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് നിരീക്ഷിച്ചു ബെഞ്ച് ഉത്തരവിറങ്ങിയ ദിവസം മുതൽ നാലു മാസത്തിനുള്ളിൽ നിർദ്ദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button