ന്യൂഡൽഹി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ കൃത്രിമക്കാൽ അഴിച്ചുമാറ്റാൻ നിർദേശിക്കരുതെന്ന് സുപ്രീംകോടതി.
ഭിന്നശേഷിക്കാരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന ജീജാ ഘോഷ് നൽകിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി.
പ്രശസ്ത നടിയും നർത്തകിയുമായ സുധാ ചന്ദ്രന്റെ കൃത്രിമക്കാൽ അഴിച്ചുമാറ്റാൻ മുംബൈ വിമാനത്താവളത്തിൽ ആവശ്യപ്പെട്ടത് ഈയിടെ വാർത്തയായിരുന്നു. സംഭവത്തിൽ സി.ഐ.എസ്.എഫ്. ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഭിന്നശേഷി കാരണം വിമാനത്തിൽനിന്നു തന്നെ നിർബന്ധിച്ച് ഇറക്കിവിട്ടെന്ന പരാതിയിൽ ജീജാ ഘോഷിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സ്‌പൈസ് ജെറ്റിനോട് സുപ്രീംകോടതി 2016-ൽ നിർദേശിച്ചിരുന്നു.
തുടർന്ന് ഭിന്നശേഷിക്കാരുടെ വിമാനയാത്ര സംബന്ധിച്ച് സുപ്രീംകോടതി മാർഗരേഖയുമിറക്കി. അതിന്റെ തുടർച്ചയെന്നോണമുള്ള കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.
ഭിന്നശേഷിക്കാരുടെ വിമാനയാത്ര സംബന്ധിച്ച് പുതിയ കരടുമാർഗരേഖ ജൂലായ് രണ്ടിന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ.) പുറത്തിറക്കി.
ഇതിലെ വിവിധ നിർദേശങ്ങളിൽ എതിർപ്പറിയിച്ച് ജീജാ ഘോഷ് നൽകിയ പരാതി പരിഗണിക്കവേയാണ് കൃത്രിമക്കാലിന്റെ വിഷയം സുപ്രീംകോടതി പരാമർശിച്ചത്.
ഇതിലെ വിവിധ നിർദേശങ്ങളിൽ എതിർപ്പറിയിച്ച് ജീജാ ഘോഷ് നൽകിയ പരാതി പരിഗണിക്കവേയാണ് കൃത്രിമക്കാലിന്റെ വിഷയം സുപ്രീംകോടതി പരാമർശിച്ചത്.