സംവരണം കുത്തനെയോ വിലങ്ങനെയോ? ജോലി നഷ്ടപ്പെട്ട് ഭിന്നശേഷിക്കാർ

മലപ്പുറം: സംവരണ രീതിയിലെ വ്യക്തതയില്ലായ്മ കാരണം സംസ്ഥാനത്ത് ഒട്ടേറെ ഭിന്നശേഷിക്കാർക്കു സർക്കാർ ജോലി നഷ്ടമാകുന്നു.

2016ലെ കേന്ദ്ര നിയമപ്രകാരം ഭിന്നശേഷിക്കാർക്കു ജോലിയിൽ 4% സംവരണം ഏർപ്പെടുത്തണമെന്നു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

എന്നാൽ, സംവരണത്തിൽ വെർട്ടിക്കൽ രീതിയാണോ ഹൊറിസോണ്ടൽ രീതിയാണോ പാലിക്കേണ്ടതെന്ന ആശയക്കുഴപ്പമാണു ഭിന്നശേഷിക്കാർക്കു തിരിച്ചടിയാകുന്നത്.

ഭിന്നശേഷി സംവരണത്തിൽ ഹൊറിസോണ്ടൽ രീതിയാണു സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതി വിധി നില നിൽക്കെയാണു കേരളത്തിന്റെ ഒളിച്ചുകളി.

അതേസമയം, ഭിന്നശേഷിക്കാർക്കു 4% സംവരണം പാലിക്കാതെ എയ്ഡഡ് കോളജുകളിൽ നടത്തിയ നിയമനങ്ങൾക്കു അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ടു ഭിന്നശേഷി കമ്മിഷൻ സർവകലാശാലകൾക്കു നോട്ടിസ് നൽകി.

നിയമവിരുദ്ധമായി അംഗീകാരം നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പുണ്ട്.

നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്കുള്ള സംവരണം മൂന്നിൽ നിന്നു 4% ആക്കി 2016 ൽ ആണു കേന്ദ്രനിയമം വന്നത്. തൊട്ടുപിന്നാലെ ഇതു നടപ്പാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

എന്നാൽ, ഇതിന്റെ ഫലം ഭിന്നശേഷിക്കാർക്കു ലഭിക്കുന്നില്ല.

വെർട്ടിക്കൽ സംവരണ രീതി സർക്കാർ പിന്തുടരുന്നതാണു കാരണം. ഇതുപ്രകാരം, 25 സീറ്റുകളാണ് ഒഴിവുവരുന്നതെങ്കിൽ ഒന്ന് ഭിന്നശേഷിക്കാർക്കു നീക്കിവയ്ക്കും.

ഹൊറിസോണ്ടൽ രീതിയിൽ കാഴ്ചവൈകല്യമുള്ളവർക്കു നീക്കിവച്ച ടേണിൽ ആളില്ലെങ്കിൽ ഭിന്നശേഷിക്കാരനായ അടുത്ത അപേക്ഷകന് അവസരം നൽകണം.

കാലിക്കറ്റ് സർവകലാശാലയിൽ ഈയിടെ നടന്ന 53 അധ്യാപക നിയമനങ്ങളിൽ ഒന്നു മാത്രമാണു ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ളയാൾക്കു ലഭിച്ചത്.

സംവരണ വ്യവസ്ഥപ്രകാരം 3 പേർക്കു ജോലി ലഭിക്കണമെന്നിരിക്കെയാണിത്. സർവകലാശാലകളിൽ വ്യാപകമായി ഭിന്നശേഷി സംവരണ അട്ടിമറി നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു ഭിന്നശേഷി കമ്മിഷന്റെ പുതിയ നോട്ടിസ്.

എന്താണ് വെർട്ടിക്കൽ, ഹൊറിസോണ്ടൽ രീതികൾ

വെർട്ടിക്കൽ രീതിയിൽ ഭിന്നശേഷിക്കാരിലെ ഒരു വിഭാഗത്തിനാണു ഒരു ടേണിൽ അവസരം ലഭിക്കുക. ഉദാഹരണത്തിനു ആദ്യത്തെ 25ൽ കാഴ്ചവൈകല്യമുള്ളവർക്കെങ്കിൽ രണ്ടാമത്തെ 25ൽ ശ്രവണവൈകല്യമുള്ളവർക്കായിരിക്കും അവസരം.

ഓരോ ടേണിലും നീക്കിവയ്ക്കുന്ന വിഭാഗത്തിൽ നിന്നു ഉദ്യോഗാർഥികളില്ലെങ്കിൽ അപേക്ഷകരില്ലാത്തതായി കണക്കാക്കും.

കാഴ്ചവൈകല്യമുള്ളവർക്കു നീക്കിവച്ച അവസരം മറ്റു വിഭാഗത്തിൽ നിന്നു അപേക്ഷകരുണ്ടെങ്കിലും അവർക്കു നൽകില്ല. ആകെ 100 നിയമനം നടത്തിയാൽ 4 ഭിന്നശേഷിക്കാർക്ക് അവസരം നൽകിയിരിക്കണമെന്നതാണ് ഹൊറിസോണ്ടൽ രീതി.

കാഴ്ചവൈകല്യമുള്ളവർക്കു നീക്കിവച്ച ടേണിൽ ആളില്ലെങ്കിൽ ഭിന്നശേഷിക്കാരനായ അടുത്ത അപേക്ഷകന് അവസരം ലഭിക്കും.

കടപ്പാട്: മലയാള മനോരമ

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button