കണ്ണൂർ: ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അന്താരാഷ്ട്ര ഡൗൺ സിൻഡ്രോം ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനവും ധർമടം മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റ്, ഉപകരണ വിതരണവും മാവിലായിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുയിടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുയാത്ര വാഹനങ്ങൾ തുടങ്ങിയവയെല്ലാം ഭിന്നശേഷി സൗഹൃദമാക്കും. ബസുകളിലടക്കം വീൽചെയറുകൾ നേരിട്ട് കയറ്റാൻ കഴിയുന്ന സ്ഥിതിയുണ്ടാകണം. ഇക്കാര്യങ്ങൾ അതീവശ്രദ്ധയോടെ നടപ്പാക്കും.
ഭിന്നശേഷിക്കാരുടെ അവകാശം സംബന്ധിച്ച് ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്കുള്ള സംവരണം പ്രാവർത്തികമാക്കുമെന്നും ബാക്ക് ലോഗ് ഒഴിവാക്കാൻ പ്രത്യേക നിയമനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള അധ്യക്ഷയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, കെ കെ രാഗേഷ്, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ എ വി ഷീബ, എൻ കെ രവി, കെ ദാമോദരൻ, കെ പി ലോഹിതാക്ഷൻ, ടി സജിത, സംസ്ഥാന ഭിന്നശേഷി കമീഷണർ എസ് എച്ച് പഞ്ചാപ കേശൻ, കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. എസ് ചിത്ര, സി ആർ സി ഡയറക്ടർ റോഷൻ ബിജ്ലി, ഇരിവേരി സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. മായ, റബ്കോ ചെയർമാൻ എൻ ചന്ദ്രൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.