കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അനേകായിരങ്ങള്‍ക്ക് ആശ്വാസമേകിയ ചാരിതാര്‍ഥ്യത്തിലാണ് ജില്ലയിലെ സാമൂഹ്യനീതി വകുപ്പ്. അശരണര്‍ക്ക് താങ്ങും തണലുമായും നീതി തേടുന്നവരുടെ തോളോട് തോള്‍ ചേര്‍ന്നും സാമൂഹ്യനീതിക്കായി നിരവധി പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടത്തിയിട്ടുള്ളത്.
തെരുവില്‍ കഴിയുന്നവര്‍, ആശ്രയമില്ലാത്തവര്‍, വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ തുടങ്ങിയവരെ പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസ് നടപ്പിലാക്കുന്ന ‘ഉദയം പദ്ധതി’ ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിടുന്ന ‘എനേബ്ലിങ് കോഴിക്കോട്’ കമ്മ്യുണിറ്റി ബേസ്ഡ് ഏര്‍ലി ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാം, വയോജനങ്ങളുടെ മാനസിക സന്തോഷത്തിനായി ‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’പദ്ധതി, വയോപോഷണം എന്നിവ ഏറെ ശ്രദ്ധേയമാണ്. വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 2.07 കോടിരൂപയാണ് ജില്ലയില്‍ ചെലവഴിച്ചത്.
അശരണര്‍ക്ക് തണലായി ഉദയം
തെരുവില്‍ കഴിയുന്നവര്‍, ആശ്രയമില്ലാത്തവര്‍, വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ തുടങ്ങിയവരെ പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ പദ്ധതിയാണ് ഉദയം ഹോം. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസ് നടപ്പിലാക്കുന്ന ഉദയം ഹോമുകള്‍ ചേവായൂര്‍, മാങ്കാവ്, വെള്ളിമാട്കുന്ന്, വെള്ളയില്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
ഹോമില്‍ എത്തിച്ചേരുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം, താമസം, ഭക്ഷണം, ചികിത്സ, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്ക് അവ ലഭ്യമാക്കുക, സ്ഥിരം തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുക, കുടുംബവുമായുള്ള ബന്ധം പുനസ്ഥാപിക്കുക, സാമൂഹ്യ പെന്‍ഷന്‍ പോലുള്ള സര്‍ക്കാര്‍- സര്‍ക്കാരിതര സേവനങ്ങള്‍ ഉറപ്പാക്കുക, തുടര്‍ വിദ്യാഭ്യാസവും തൊഴില്‍ നൈപുണി വികസനവും ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഉദയം ഹോമുകള്‍ ചെയ്തുവരുന്നു. നിലവില്‍ മൂന്ന് ഹോമുകളിലുമായി 265-ലേറെ താമസക്കാരുണ്ട്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ഉദയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
എനേബ്ലിങ് കോഴിക്കോട്
ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിടുന്ന എനേബ്ലിങ് കോഴിക്കോട് പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്കാവശ്യമായ ചികിത്സ, പുനരധിവാസ സേവനങ്ങള്‍ എന്നിവ സാമൂഹ്യ അധിഷ്ഠിത കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുക, ജില്ലയിലെ മുഴുവന്‍ കെട്ടിടങ്ങളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, എന്നിവ ഉറപ്പുവരുത്തുക തുടങ്ങി ആവശ്യമായ നൂതന പദ്ധതികള്‍ നടപ്പാക്കി.
ഭിന്നശേഷി നേരത്തെ കണ്ടെത്താന്‍ കമ്മ്യുണിറ്റി ബേസ്ഡ് ഏര്‍ലി ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍(CDMC) സ്ഥാപിച്ചു. ഭിന്നശേഷിക്കാരുടെ ശാസ്ത്രീയമായ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിന് ബഡ് സ്‌കൂളുകള്‍ നവീകരിക്കാനും പുതിയ മോഡല്‍ സ്‌കൂളുകള്‍ നിര്‍മിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
വയോജനങ്ങളെ ചേര്‍ത്തുപിടിച്ച്
വയോജന സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ വകുപ്പിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ മാനസിക സന്തോഷത്തിനായി ഹാര്‍ട്ട് ടു ഹാര്‍ട്ട് പദ്ധതി നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി കലാകായിക പരിപാടികള്‍, മത്സരങ്ങള്‍, കുടുംബ സമാഗമം, കൗണ്‍സലിങ് എന്നിവ നടപ്പാക്കി.
വയോജന ദിനത്തിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരന്‍ എം. ടി വാസുദേവന്‍ നായര്‍, ചരിത്രകാരന്‍ എം ജി എസ് നാരായണന്‍, സ്വാതന്ത്ര്യ സമര സേനാനി തായാട്ട് ബാലന്‍ എന്നിവരെ ആദരിച്ചു. വയോജന സംരക്ഷണ പദ്ധതികളായ വയോപോഷണം, വയോജന ദിനാചരണം എന്നിവ നടപ്പാക്കി.
ഭിന്നശേഷികാര്‍ക്കായി സഹജീവനം പദ്ധതി, ലഹരിമുക്ത പദ്ധതിയായ നഷാ മുക്ത് ഭാരത് അഭിയാന്‍ എന്നിവയും നടപ്പാക്കി. കേരള വികലാംഗ ക്ഷേമ കോര്‍പറേഷന്റെ സഹായ ഉപകരണ വിതരണത്തിന്റെ ഭാഗമായി 69 പേര്‍ക്ക് ശ്രവണ സഹായികള്‍, ഹസ്തദാനം പദ്ധതിയുടെ അനൂകൂല്യം, ഇലക്ട്രോണിക് വീല്‍ചെയര്‍ തുടങ്ങിയവ വിതരണം ചെയ്തു.
സാമൂഹ്യനീതി ഓഫീസ് വഴി വിദ്യാജ്യോതി പദ്ധതിയിലൂടെ 32 പേര്‍ക്കാണ് സഹായം ലഭിച്ചത്. വിദ്യാകിരണം 268 പേര്‍ക്കും പരിണയം 163 പേര്‍ക്കും, മിശ്രവിവാഹ ധനസഹായം 38 പേര്‍ക്കും സഹായം ലഭിച്ചതായും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍ പറഞ്ഞു.