ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍

കോഴിക്കോട്: വര്‍ണക്കടലാസില്‍ തീര്‍ത്ത പൂക്കള്‍, തുണി ബാഗുകള്‍, കുടകള്‍, കടലാസ് പേനകള്‍, മുത്തും കല്ലും പതിച്ച മനോഹരമായ അലങ്കാര വസ്തുക്കള്‍.

ചാത്തമംഗലം ആര്‍.ഇ.സി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍ പരിമിതികള്‍ക്കുമേലുള്ള വിജയമാണ്. ഇവിടെയുള്ള 28 ഭിന്നശേഷി വിദ്യാര്‍ഥികള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുന്ന പാഠം ചെറുതൊന്നുമല്ല.

സര്‍ക്കാര്‍ ഒരുക്കിയ സ്‌പെഷ്യല്‍ കെയര്‍ സെന്ററിന്റെ തണലില്‍ പരിമിതികളെ തോല്‍പ്പിച്ചുകൊണ്ട് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ അവര്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്കെല്ലാം മതിക്കാനാവാത്ത വിലയുണ്ട്.

വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ നടപ്പാക്കിയത്. പദ്ധതി പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്‌കൂളുകള്‍ കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭിന്നശേഷി കുട്ടികള്‍ക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തൊഴില്‍ പരിശീലനവും ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അവധിക്കാലത്ത് എല്ലാ ദിവസവും രണ്ടാം ശനി ഒഴികെയുള്ള ശനിയാഴ്ചകളിലും ഇവര്‍ക്ക് വിദഗ്ധര്‍ പരിശീലനം നല്‍കുന്നു. പൊതുജന സഹായവും പഞ്ചായത്തിലെ സഹായവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റ് ലഭിക്കുന്ന പണം കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു.

ഓരോ കുട്ടിക്കും അനുയോജ്യമായ വ്യക്തിഗത പരിശീലന പരിപാടി തയ്യാറാക്കി പഠന പിന്തുണ ഉറപ്പാക്കുകയും തൊഴില്‍ പരിശീലനം നല്‍കി സ്വയം പര്യാപ്തരാക്കുകയും ചെയ്യുന്നു. ആവശ്യമായ കുട്ടികള്‍ക്ക് സ്പീച്ച് തെറാപ്പി സൗകര്യങ്ങളും, ഫിസിയോ തെറാപ്പി സൗകര്യങ്ങളും സെന്ററില്‍ ലഭ്യമാണ്.

കൂടാതെ രക്ഷിതാക്കള്‍ക്ക് കുട നിര്‍മാണം, സോപ്പ് നിര്‍മ്മാണം, തയ്യല്‍, ഫ്‌ലവര്‍ മേക്കിങ്, കാര്‍പ്പെറ്റ് നിര്‍മാണം തുടങ്ങി വിവിധ തൊഴില്‍ പരിശീലനവും നല്‍കുന്നു. മുഴുവന്‍ സമയ പിന്തുണയുമായി അധ്യാപിക സീന തോമസും കുട്ടികള്‍ക്കൊപ്പമുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സമഗ്ര ശിക്ഷാ കേരളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കാഴ്ച പരിമിതർക്കായി ‘ശ്രുതി പാഠം’ ഓഡിയോ ലൈബ്രറി

കാഴ്ച പരിമിതരായ അധ്യാപകരും വിദ്യാര്‍ത്ഥികളും നേരിടുന്ന വായനാ പ്രതിസന്ധിയ്ക്ക് പരിഹാരമായി ‘ശ്രുതി പാഠം’ എന്ന ഓഡിയോ ലൈബ്രറി പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ആവള ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പഠനപിന്തുണയ്ക്കായി സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍മാരുടെ സേവനം ഉറപ്പാക്കിണ്ടെന്നു മന്ത്രി പറഞ്ഞു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button