തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണത്തിനു ഹൊറിസോണ്ടൽ രീതി പിന്തുടരണമെന്നു സർക്കാർ ഉത്തരവ്.
ഇതോടെ, സ്വകാര്യ കോളജുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്ന അനിശ്ചിതത്വത്തിനു വിരാമമായി. 2016ലെ കേന്ദ്ര നിയമപ്രകാരം ഭിന്നശേഷിക്കാർക്കു 4% തൊഴിൽ സംവരണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
എന്നാൽ, സംവരണത്തിനു ഏതു രീതിയാണു പിന്തുടരേണ്ടതെന്ന ആശയക്കുഴപ്പം കാരണം അർഹർക്കു അവസരം നഷ്ടമാകുന്നതായി പരാതിയുണ്ടായിരുന്നു. പുതിയ ഉത്തരവുപ്രകാരം നിയമനം നടത്തുമ്പോൾ ഓരോ ഇരുപത്തിയഞ്ചിന്റെ ബ്ലോക്കിലും 1, 26, 51, 76 എന്ന ക്രമത്തിൽ ഭിന്നശേഷി പ്രാതിനിധ്യം ഉറപ്പാക്കണം.
കാഴ്ചപരിമിതർ, ശ്രവണപരിമിതർ, അംഗപരിമിതർ, ലോക്കോമോട്ടർ ഡിസബിലിറ്റിയോ സെറിബ്രൽ പാൾസിയോ ബാധിച്ചവർ എന്നീ ക്രമത്തിലായിരിക്കും അവസരം ലഭിക്കുക.
എയ്ഡഡ് മേഖലയിലെ ആർട്സ് ആൻഡ് സയൻസ്, എൻജിനീയറിങ്, ട്രെയിനിങ്, അറബിക് കോളജുകൾ, പോളിടെക്നിക് എന്നിവയ്ക്കു പുതിയ ഉത്തരവ് ബാധകമാണ്. 1996 ഫെബ്രുവരി 2 മുതൽ 2017 ഏപ്രിൽ 18 വരെ 3%, അതിനു ശേഷം 4% എന്നിങ്ങനെയാണു ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടത്.
ഇതുവരെ നിയമനം നടത്താത്ത സ്ഥാപനങ്ങൾ ഇതു ബാക്ക് ലോഗായി കണക്കാക്കി തുടർ നിയമനങ്ങളിൽ ഇതു നികത്തണം. ഇതിനകം നടത്തിയ ഭിന്നശേഷി നിയമനങ്ങൾ ബാക്ക് ലോഗിൽ കുറവുവരുത്താം.
ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികയിൽ അപേക്ഷകരില്ലെങ്കിൽ ഒരു തവണ കൂടി ഒഴിവ് വിജ്ഞാപനം ചെയ്യണം. രണ്ടാം തവണയും അപേക്ഷകരില്ലെങ്കിൽ റൊട്ടേഷൻ മാറ്റാം. ഉദാഹരണത്തിനു കാഴ്ചപരിമിതർക്കുള്ള ഒഴിവിൽ രണ്ടു തവണ അപേക്ഷകരില്ലെങ്കിൽ അതു ശ്രവണപരിമിതർക്കായി നീക്കിവയ്ക്കാം.
ഏതു വിഭാഗത്തിനാണു സംവരണമെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കണം. ഉത്തരവ് നടപ്പാക്കുന്നതിനു സർവകലാശാലകളിൽ ചട്ട ഭേദഗതി ആവശ്യമെങ്കിൽ 3 മാസത്തിനകം നടപ്പാക്കണം. ബാക്ക് ലോഗ് തയാറാക്കുന്നതിനായി വിവിധ കമ്മിറ്റികളെയും ചുമതലപ്പെടുത്തിയതായി സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
അതേസമയം, സർക്കാരിന്റെ പുതിയ ഉത്തരവ് വെർട്ടിക്കൽ രീതിയിൽ ഭിന്ന ശേഷി സംവരണം നടപ്പാക്കിയ സർവകലാശാലകൾക്കു പ്രശ്നമാകും. ഈ രീതിയെ ചോദ്യം ചെയ്തു നിയമനം നിഷേധിക്കപ്പെട്ടവർ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.
ഹൊറിസോണ്ടൽ സംവരണം
ആകെ 100 നിയമനം നടത്തിയാൽ 4 ഭിന്നശേഷിക്കാർക്ക് അവസരം ഉറപ്പാക്കുന്നതാണു ഹൊറിസോണ്ടൽ രീതി. കാഴ്ചവൈകല്യമുള്ളവർക്കു നീക്കിവച്ച ടേണിൽ ആളില്ലെങ്കിൽ ഭിന്നശേഷിക്കാരനായ അടുത്ത അപേക്ഷകന് അവസരം ലഭിക്കും. നിയമനത്തിൽ ഭിന്നശേഷിക്കാർക്കു 4% സംവരണം ഉറപ്പാക്കുന്നുവെന്നതാണു ഇതിന്റെ പ്രത്യേകത.
വെർട്ടിക്കൽ രീതിയിൽ, ഒരു സംവരണ വിഭാഗത്തിൽ അപേക്ഷകരില്ലെങ്കിൽ അത് അടുത്ത വിഭാഗത്തിനു ലഭിക്കില്ല. ഉദാഹരണത്തിന് കാഴ്ചപരിമിതരുടെ ഒഴിവിൽ അപേക്ഷകരില്ലെങ്കിൽ അതു കേൾവിപരിമിതർക്കു നൽകില്ല; പൊതുവിഭാഗത്തിലേക്കു പോകും. ഇതുമൂലം ആകെ സംവരണത്തിൽ കുറവു വരികയും ചെയ്യും.