
ന്യൂഡല്‍ഹി: ഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പിഴ ചുമത്തിയത്.
കുട്ടിയെ കൈകാര്യം ചെയ്തതില്‍ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് വന്ന പിഴവാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയതെന്ന് അന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. കുറേക്കൂടെ അനുകമ്പയോടെയുള്ള പെരുമാറ്റം കുട്ടിയെ ശാന്തനാക്കുമായിരുന്നു.
ഇത്തരത്തിലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ സമചിത്തതയോടെ പെരുമാറാന്‍ കഴിയണം. എന്നാല്‍ അവസരോചിതമായി പെരുമാറുന്നതില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ പരാജയപ്പെട്ടു. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആഭ്യന്തര വിമാനയാത്രയുടെ ചട്ടങ്ങള്‍ പുനഃപരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ മേയ് ഏഴിനാണ് റാഞ്ചി വിമാനത്താവളത്തില്‍ ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചത്. പരിഭ്രമിച്ചിരിക്കുന്ന കുട്ടിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്നായിരുന്നു ഇന്‍ഡിഗോയുടെ വിശദീകരണം.
കുടുംബവും മറ്റു യാത്രക്കാരും എതിര്‍ത്തപ്പോള്‍ കമ്പനിയുടെ പ്രതിനിധി ഇവരുമായി വാക്കേറ്റത്തിലായി. സഹയാത്രികയായ മനീഷ ഗുപ്തയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറംലോകത്തെത്തിച്ചത്.