കണ്ണൂർ: 45 ശതമാനം വരെ അംഗ പരിമിതിയുള്ളവര്‍ക്ക് സ്വകാര്യ ബസുകളില്‍ ഇനിമുതല്‍ യാത്രാ പാസ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചപ്പോള്‍ സല്‍മാബിയുടെ കണ്ണ് നിറഞ്ഞു.
ഭര്‍ത്താവ് ഫിറോസ് ഖാന് വേണ്ടി ഈ അപേക്ഷയുമായി അവര്‍ കയറാത്ത ഓഫീസുകളില്ല. ഒടുവിലാണ് മന്ത്രിയെ കാണാന്‍ കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന വാഹനീയം അദാലത്തില്‍ എത്തിയത്. ഇതോടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ഇതുവരെ 50 ശതമാനം അംഗ പരിമിതിയുള്ളവര്ക്കായിരുന്നു പാസ് അനുവദിച്ചിരുന്നത്.
പക്ഷാഘാതത്തെ തുടര്‍ന്ന് 2017ലാണ് ഫിറോസ് ഖാന്റെ ശരീരം തളര്‍ന്നത്. പരസഹായമില്ലാതെ അദ്ദേഹത്തിന് സഞ്ചരിക്കാനാവില്ല.
നിലവില്‍ ബ്രഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഫിറോസിന് ബസ് പാസ് അനുവദിച്ചു കിട്ടാന്‍ ഒന്നര വര്‍ഷമായി തളിപ്പറമ്പ് സ്വദേശി പി വി സല്‍മാബി ഓഫീസുകള്‍ കയറി ഇറങ്ങുകയായിരുന്നു.
ഒടുവില്‍ അദാലത്തില്‍ എത്തി മന്ത്രിയെ നേരില്‍ക്കണ്ടതോടെ പരാതിക്കുള്ള പരിഹാരമായി.
പാസ് ലഭിച്ചതിനൊപ്പം ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ നിരവധി പേര്‍ക്ക് ആശ്വാസമേകാന്‍ നിമിത്തമായതിന്റെ കൂടി സന്തോഷത്തിലാണ് സല്‍മാബിയും കുടുംബവും.