ഭിന്നശേഷിക്കാർക്കു ലേണേഴ്സ് ലൈസൻസ് വിതരണം ചെയ്‌തു

തൃശൂർ: മോട്ടോർ വാഹന വകുപ്പ് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ലേണേഴ്സ് ലൈസൻസ് ലഭ്യമാക്കുന്ന ‘കൈ കോർക്കാം, ചേർത്ത് നിർത്താം’ പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

ദർശന സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഡ്രൈവിംഗ് ലൈസൻസ് വിതരണോദ്‌ഘാടനം മുണ്ടൂർ നിർമ്മല ജ്യോതി സ്കൂളിലാണ് സംഘടിപ്പിച്ചത്.

ഭിന്നശേഷി വിഭാഗത്തെ സമൂഹത്തിന്റെ വിശാല വീഥിയിലേയ്ക്ക് നയിക്കാനുള്ള വലിയ പരിശ്രമത്തിന്റെ തുടക്കമാണിത്. അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ഇടങ്ങളിൽ ഭിന്നശേഷിക്കാർക്കായി ടെസ്റ്റുകൾ നടത്താൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരായ അപേക്ഷകരുടെ ലേണേഴ്സ് ടെസ്റ്റും ഡ്രൈവിംഗ് ടെസ്റ്റും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ അവര്‍ക്ക് കൂടി സൗകര്യപ്പെടുന്ന സ്ഥലത്ത് വച്ച് പ്രത്യേകമായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

അല്ലാത്തപക്ഷം ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അടുത്തേയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നടപടികൾ പൂര്‍ത്തീകരിക്കും.

‘കൈ കോർക്കാം, ചേർത്ത് നിർത്താം’ പരിപാടിയുടെ ഭാഗമായി 25 ഭിന്നശേഷിക്കാർക്കുള്ള ലേണേഴ്സ് ലൈസൻസ് മന്ത്രി വിതരണം ചെയ്തു.

സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ പി എസ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എം പി ജെയിംസ്, ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റ് ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button