ഭിന്നശേഷി കുട്ടികൾക്കുള്ള പെൻഷൻ വിതരണം നിർത്തലാക്കാൻ ഉത്തരവ്

തിരുവനന്തപുരം: അനർഹർക്കുള്ള ആനുകൂല്യം ഒഴിവാക്കുന്നതിൻറെ പേരിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പെൻഷനിലും സർക്കാരിൻറെ കടും വെട്ട്.

സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ വിതരണം നിർത്തുമെന്നാണ് ഉത്തരവ്. കേന്ദ്രനിയമപ്രകാരം 18വയസ്സിന് മുകളിലുള്ളവർക്കെ സ്ഥിര ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കൂ എന്നിരിക്കെ ആണ് ആയിരക്കണക്കിന് ഭിന്നശേഷി കുട്ടികളോട് സർക്കാരിൻറെ ഈ നയം.

ബിപിഎൽ കാർഡ് ഉള്ളവർക്കും,ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ള കുടുംബങ്ങളിലെ കുട്ടികൾക്കുമാണ് പ്രതിമാസം 1600 രൂപ ഭിന്നശേഷി പെൻഷൻ. 40 ശതമാനം ഭിന്നശേഷിയാണ് മാനദണ്ഡം. എന്നാൽ ഈ രീതിയിൽ പെൻഷൻ വിതരണം ഇനി വേണ്ടെന്നാണ് സർക്കാരിൻറെ പുതിയ തീരുമാനം.

പെൻഷന് വേണ്ടി സ്ഥിര ഭിന്നശേഷി സർട്ടിഫിക്കറ്റോ, UDID കാർഡോ ഹാജരാക്കണം. എന്നാൽ കേന്ദ്രനിയമപ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് ഈ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. 5 വയസ്സ് വരെ, 5 മുതൽ 10 വയസ്സ് വരെ,10 മുതൽ 18 വയസ്സ് വരെയും താത്കാലികമായാണ് സർട്ടിഫിക്കറ്റ്.

18 വയസ്സിന് കഴിഞ്ഞാൽ മാത്രമെ സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് കിട്ടൂ. അതും കഴിഞ്ഞ് രണ്ട് വർഷം വേണം കേന്ദ്രസർക്കാരിൻറെ UDID കാർഡ് കൈയ്യിൽ കിട്ടാൻ.

സർക്കാരിൽ നിന്ന് നിർദ്ദേശം കിട്ടിയതോടെ പല പഞ്ചായത്തുകളും പെൻഷൻ തുടരാനാകില്ലെന്ന് അറിയിച്ച് ഭിന്നശേഷി കുട്ടികൾക്ക് കത്തയച്ച് തുടങ്ങി.

കുട്ടികളെ പരിപാലിക്കുന്നതിന് ജോലി വരെ ഉപേക്ഷിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ മുന്നിലേക്കാണ് ഇടിത്തീ പോലെ ഈ തീരുമാനമെത്തുന്നത്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button