തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് റോസ്റ്റർ രജിസ്റ്റർ തയാറാക്കുന്നു.
ഇതിനായി മാനേജർമാർ ഫെബ്രുവരി 15നകം വിവരങ്ങൾ സമർപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.
സമന്വയ പോർട്ടൽ വഴിയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്.
തസ്തികകളെ പ്രൈമറി അധ്യാപകർ, സെക്കൻഡറി അധ്യാപകർ, അനധ്യാപകർ, ഹയർ സെക്കൻഡറി ജൂനിയർ, ഹയർ സെക്കൻഡറി സീനിയർ, വി.എച്ച്.എസ്.ഇ ജൂനിയർ, വി.എച്ച്.എസ്.ഇ സീനിയർ എന്നിങ്ങനെ തിരിച്ചാണ് വിവരങ്ങൾ നൽകേണ്ടത്.
1996 ഫെബ്രുവരി ഏഴ് മുതൽ സ്ഥാനക്കയറ്റം, അവകാശികളുടെ നിയമനം, ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം എന്നിവ ഒഴികെ നടത്തിയ നിയമനങ്ങളുടെ വിവരമാണ് നൽകേണ്ടത്.
ഈ തസ്തികകളുടെ മൂന്ന്/നാല് ശതമാനമായിരിക്കും ഭിന്നശേഷി സംവരണത്തിനായി നിശ്ചയിക്കുക. ഭാവിയിലുള്ള നിയമനങ്ങളിൽ ഭിന്നശേഷി നിയമനത്തിലെ ബാക്ക് ലോഗ് ഉൾപ്പെടെ നികത്തിയായിരിക്കണം നിയമനം.
ഭിന്നശേഷി നിയമനത്തിനായി എംേപ്ലായ്മെന്‍റ് എക്സ്ചേഞ്ചിൽനിന്ന് വിവരങ്ങൾ തേടിയതിന്‍റെ വിവരങ്ങൾ ഉൾപ്പെടെ മാനേജർമാർ സമർപ്പിക്കണം.
ഭിന്നശേഷി നിയമനം നടത്താത്തതിനാൽ എയ്ഡഡ് സ്കൂളുകളിലെ 2019 മുതലുള്ള നിയമനങ്ങളുടെ അംഗീകാരം ഹൈകോടതി തടഞ്ഞിരിക്കുകയാണ്.