സാമൂഹികക്ഷേമ പ്രവർത്തനത്തിൽ ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം ഏറെ പ്രധാനം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സാമൂഹികക്ഷേമ പ്രവർത്തനത്തിൽ ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം ഏറെ പ്രധാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന രാജഹംസം, ചലനം പദ്ധതിയുടെ ഭാഗമായി വാഹനങ്ങളുടെ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തന സജ്ജമാക്കിയ പകല്‍വീടുകളുടെ താക്കോല്‍ദാനവും ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജഹംസവും ചലനവും ഈ ശാക്തീകരണത്തിന്റെ അനുകരണീയ മാതൃകകൾ ആണ്. ദുർബല വിഭാഗങ്ങളെ പരിഗണിച്ച് മുന്നോട്ട് പോകുന്ന സമൂഹത്തിലേ പുരോഗതിയുണ്ടാകൂ. ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി സാമൂഹ്യ നീതി വകുപ്പുമായി ചേർന്നാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ഭിന്നശേഷി ക്കാർക്കായുള്ള പദ്ധതി തികച്ചും മാതൃകാപരമാണ്.

സമീപ കാലത്ത് കേരളം കണ്ട വലിയ മാറ്റങ്ങളിൽ ഒന്നാണ് ജനകീയാസൂത്രണം. അതിവിപുലമായ രീതിയിൽ ജനങ്ങളെ അണിനിരത്തി അവരെ വികസന പ്രക്രിയയിൽ പങ്കാളിയാക്കാൻ ഇതു വഴി സാധിച്ചു.

അധികാരം ജനങ്ങൾക്ക് കൈമാറിയ ജനകീയാസൂത്രണം ഭരണത്തിന് വേഗവും കാര്യക്ഷമതയും നൽകി. സാമൂഹിക നീതി, ലിംഗനീതി, പട്ടിക വിഭാഗങ്ങൾക്ക് ഭരണത്തിലും വികസനത്തിലും പങ്കാളിത്തം എന്നിവയും ഉറപ്പാക്കാൻ ഇതിലൂടെ സാധിച്ചു.

അനുകമ്പയും സഹാനുഭൂതിയുമാണ് കേരളത്തിന്റെ പ്രത്യേകത. ഇതാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലൂടെ പ്രകടമാകുന്നതെന്നും ഗവർണർ പറഞ്ഞു.

ഭിന്നശേഷിക്കാരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് എത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ഹൈബി ഈഡൻ എംപി പറഞ്ഞു.

ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. പഞ്ചായത്തിന്റെ ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് എല്ലാ രീതിയിലും പിന്തുണ നൽകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഉമ തോമസ് എംഎൽഎ പറഞ്ഞു.

ജീവിതത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർക്ക് ഉപകാരപ്രദമായ പദ്ധതികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടർന്നും നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് പറഞ്ഞു

വ്യത്യസ്തങ്ങളായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെയും കൂടി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ മാതൃകാപരമാണെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, സാമൂഹ്യനീതി ഓഫീസർ കെ കെ ഉഷ എന്നിവരെ ചടങ്ങിൽ ഗവർണർ പുരസ്കാരം നൽകി ആദരിച്ചു.

രാജഹംസം പദ്ധതിയിലൂടെ നൽകുന്ന മുച്ചക്ര വാഹനത്തിന്റെ താക്കോൽദാനം ആവോലി ഗ്രാമപഞ്ചായത്തിലെ സംഗീത് സജി, കരുമാലൂർ ഗ്രാമപഞ്ചായത്തിലെ എൻ പി രതീഷ് എന്നിവർക്ക് നൽകിക്കൊണ്ട് ഗവർണർ നിർവഹിച്ചു.

ചലനം പദ്ധതിയുടെ ഭാഗമായുള്ള വീൽചെറുകളുടെ പ്രവർത്തന മാർഗ്ഗരേഖ അടങ്ങിയ പുസ്തകം ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ സി ടി സബിത, തുറവൂർ ഗ്രാമപഞ്ചായത്തിലെ മറിയാമ്മ കൃഷ്ണൻ എന്നിവർക്കും ഗവർണർ സമ്മാനിച്ചു

ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രാമമംഗലം പഞ്ചായത്തിൽ പൂർത്തിയാക്കിയ പകൽ വീടിൻ്റെ താക്കോൽദാനവും രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഇ.പി. ജോർജിന് നൽകിക്കൊണ്ട് ഗവർണർ നിർവഹിച്ചു.

ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ രാജഹംസം ചലനം പദ്ധതികൾ നടപ്പിലാക്കുന്നത്. ഭിന്നശേഷി ജനവിഭാഗങ്ങള്‍ക്ക് സൈഡ് വീലോടു കൂടിയ മുച്ചക്ര വാഹനം നല്‍കുന്നതാണ് രാജഹംസം പദ്ധതി.

ഭിന്നശേഷി ജനവിഭാഗങ്ങള്‍ക്ക് ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കുന്ന പദ്ധതിയാണ് ചലനം. ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹിക നീതി വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

രാജഹംസം പദ്ധതിയില്‍ 126 മുചക്ര വാഹനങ്ങളും ചലനം പദ്ധതിയില്‍ 72 വീല്‍ ചെയറുകളുമാണ് അര്‍ഹരായവരുടെ കൈകളിലേക്ക് നൽകുന്നത്. കഴിഞ്ഞ വര്‍ഷം 95 മുച്ചക്ര വാഹനങ്ങളാണ് നല്‍കിയത്.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനിത റഹിം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജി. ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. ജി. പ്രകാശ്, ജില്ലാ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button