ഓട്ടിസം, സെറിബ്രൽ പാൾസി, മാനസികവളർച്ചക്കുറവ്, അനുബന്ധ വൈകല്യങ്ങൾ എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനായി പ്രത്യേകമുണ്ടാക്കിയ ‘നാഷണൽ ട്രസ്റ്റ് നിയമം’ റദ്ദാക്കി ബന്ധപ്പെട്ട കാര്യങ്ങൾ സാമൂഹികക്ഷേമ മന്ത്രാലയത്തിനു കീഴിലാക്കാൻ നിർദേശം.
ഈ വിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെ ക്ഷേമം അംഗപരിമിതരുടെ അവകാശസംരക്ഷണത്തിനായി 2016 ൽ കൊണ്ടുവന്ന നിയമത്തിനു കീഴിലാക്കുകയാണു ലക്ഷ്യം.
പ്രത്യേക പരിഗണന അർഹിക്കുന്ന നാലുവിഭാഗക്കാരെ, എല്ലാ അംഗപരിമിതർക്കും പൊതുവിൽ ബാധകമായ നിയമത്തിനുകീഴിലാക്കുമ്പോൾ അവർക്ക് ഇപ്പോഴുള്ള പരിഗണനയോ ക്ഷേമാനുകൂല്യങ്ങളോ കിട്ടില്ല.
1999 ലെ നാഷണൽ ട്രസ്റ്റ് ആക്ടും അതിനുകീഴിലെ പദ്ധതികളും നിലനിർത്തണമെന്ന്, ഈ വിഭാഗക്കാരുടെ രക്ഷിതാക്കളുടെ ദേശീയ ഐക്യവേദിയായ ‘പരിവാർ’ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ചെലവുചുരുക്കലിന്റെ ഭാഗമായി, വിവിധ നിയമങ്ങൾക്കുകീഴിൽ വരുന്ന സ്‌കീമുകൾ ഏകീകരിക്കാൻ ധനമന്ത്രാലയം വിവിധ മന്ത്രാലയങ്ങളോട് ഈയിടെ നിർദേശിച്ചിരുന്നു. അതിന് തുടർച്ചയായിട്ടാണ് നാഷണൽ ട്രസ്റ്റ് ആക്ട് എടുത്തുകളയാൻ പോകുന്നത്.
1999 ൽ വാജ്‌പേയ് സർക്കാർ പാസാക്കിയതാണ് നാഷണൽ ട്രസ്റ്റ് നിയമം. ക്ഷേമപദ്ധതികൾ നടപ്പാക്കാൻ പ്രത്യേക ഫണ്ടുമുണ്ടാക്കിയിരുന്നു.
രക്ഷിതാക്കളുടെ സഹായമില്ലാതെ ഒന്നുംചെയ്യാൻ സാധിക്കാത്ത കുട്ടികൾക്കായി ആരോഗ്യ ഇൻഷുറൻസ് (ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ചികിത്സ ഉൾപ്പെടെ), സ്വത്തും മറ്റും കാര്യങ്ങളും അന്യാധീനപ്പെട്ടുപോകാതിരിക്കാൻ കുട്ടികളുടെ രക്ഷിതാവിന് നിയമപ്രകാരമുള്ള രക്ഷാകർതൃ സർട്ടിഫിക്കറ്റ് (ഇതിനായി ജില്ലാതലത്തിൽ സമിതികൾ ഉണ്ട്), നിരാലംബരും പ്രായമേറിയ രക്ഷിതാക്കൾക്ക് നോക്കാൻ സാധിക്കാത്തവരുമായവർക്കുവേണ്ടി താമസകേന്ദ്രങ്ങൾ, ബോധവത്കരണപരിപാടികൾ തുടങ്ങിയവയെല്ലാം നാഷണൽ ട്രസ്റ്റ് നിയമത്തിനു കീഴിലുണ്ട്.
ബോധവത്കരണം ശക്തമായതുകൊണ്ടുതന്നെ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽപേർ രജിസ്റ്റർ ചെയ്തത് കേരളത്തിൽനിന്നാണ്. സംസ്ഥാനത്ത് ഓട്ടിസമുൾപ്പെടെ നാലുവിഭാഗങ്ങളിലുമായി രണ്ടുലക്ഷത്തോളം പേരുണ്ട്.
നാഷണൽ ട്രസ്റ്റ് നിയമം ഭേദഗതിചെയ്ത് അത് ക്ഷേമനിയമത്തിനപ്പുറം അവകാശനിയമമാക്കി മാറ്റാനുള്ള നീക്കം കഴിഞ്ഞ വര്ഷം നടന്നിരുന്നു.
ഈ രംഗത്തെ വിദഗ്‌ധർ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ ധനമന്ത്രാലയത്തിന്റെ പുതിയ നീക്കം അതിനു തിരിച്ചടിയായിരിക്കുകയാണ്.