സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും പൊതുവിടങ്ങളും ഭിന്നശേഷീസൗഹൃദമാക്കാൻ നടപടി വൈകുന്നു. സർവകലാശാലകളോട് യു.ജി.സി. ഇതിനു നിർദേശിച്ചിരുന്നെങ്കിലും കേരള, കണ്ണൂർ സർവകലാശാലകളിൽ മാത്രമാണ് പൂർണമായും നടപ്പാക്കിയത്. മഹാത്മാഗാന്ധി സർവകലാശാലയിൽ ഭാഗിക സംവിധാനമൊരുക്കിയിട്ടുണ്ട്.
അഞ്ചുവർഷത്തിനിടെ സ്വീകരിച്ച നടപടികളുടെ വിവരം അടിയന്തരമായി അറിയിക്കാൻ യു.ജി.സി. ആവശ്യപ്പെട്ടിരിക്കുകയാണ്. ഭിന്നശേഷി അവകാശനിയമം ഉറപ്പാക്കുന്നതിനാണിത്.
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട 2017-ലെ സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നത്. ഇത്ര കാലമായിട്ടും അതുണ്ടാകാത്തതിനാലാണ് യു.ജി.സി. വീണ്ടും കത്തു നൽകിയത്. കെട്ടിടങ്ങൾ ഭിന്നശേഷീ സൗഹൃദമാക്കിയോ, ഭിന്നശേഷി വിദ്യാർഥികളുടെ ആഭ്യന്തരസമിതി രൂപവത്കരിച്ചോ തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടി നൽകാൻ സർവകലാശാലകൾക്കാകുന്നില്ല.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ഭിന്നശേഷിക്കാർക്കായി ഒരു ചക്രക്കസേരയെങ്കിലുമുള്ളത് അപൂർവം. ഭിന്നശേഷീ സൗഹൃദ ശൗചാലയങ്ങൾ ഇല്ല.
സംസ്ഥാനത്ത് 44 വകുപ്പുകളിലായി സർക്കാരിന്റേതും തദ്ദേശ ഭരണ-പൊതുമേഖലാ സ്ഥാപനങ്ങളുടേതും ഉൾപ്പെടെ നാലായിരത്തിലേറെ ഓഫീസുകളുണ്ടെങ്കിലും ഒന്നുപോലും പൂർണമായും ഭിന്നശേഷീ സൗഹൃദമല്ല. ഇവിടങ്ങളിലെത്തുന്ന മൂകരും ബധിരരുമായവർക്ക് സഹായമേകാൻ ആംഗ്യഭാഷ (സൈൻ ലാംഗ്വേജ്) അറിയാവുന്ന ജീവനക്കാരുമില്ല. ചിലയിടങ്ങളിൽ റാംപ് സ്ഥാപിച്ചതാണ് ഏക നടപടി. ലിഫ്റ്റ്, ഭിന്നശേഷി സൗഹൃദ ശൗചാലയം തുടങ്ങിയവയെല്ലാം ആവശ്യമുണ്ട്.
പ്രവേശന കവാടത്തിൽ, ‘ഈ ഓഫീസ് ഭിന്നശേഷി സൗഹൃദം’ എന്ന ബോർഡ് വെക്കത്തക്കവിധം ഓരോ സ്ഥാപനവും സംവിധാനങ്ങളൊരുക്കണം. എങ്കിൽ മാത്രമേ കേരളം ഭിന്നശേഷീസൗഹൃദ സംസ്ഥാനമാകൂ.