എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍: മന്ത്രി വി ശിവന്‍കുട്ടി

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് വിവിധ മാനേജ്മന്റ് അസ്സോസിയേഷനുകളുമായി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി മന്ത്രി വി ശിവന്‍കുട്ടി.
ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ആര്.പി.ഡബ്ല്യൂ.ഡി. ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് സംബന്ധിച്ചു സര്‍ക്കാര്‍ തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു പോരുന്നത്. ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികളുടെ നിയമനം മൂലം മറ്റു നിയമനങ്ങള്‍ തടസ്സം കൂടാതെ നടത്തുന്നതിനുള്ള നടപടികളും, ഹെക്കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഓരോ എയ്ഡഡ് സ്കൂളിലും ഭിന്നശേഷി നിയമനം പൂര്‍ണമായും പാലിക്കപ്പെടുന്നതുവരെ 2018 നവംബര്‍ 18 നും 2021 നവംബര്‍ 8 നും ഇടയിലെ ഒഴിവുകളില്‍ നിയമിക്കപ്പെട്ട ജീവനക്കാര്‍ക്ക് ശമ്പള സ്കെയിലില്‍ പ്രൊവിഷണലായും 2021 നവംബര്‍ 8 ന് ശേഷം ഉണ്ടായ ഒഴിവുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് ദിവസ വേതന അടിസ്ഥാനത്തിലും നിയമനം നല്കുന്നതിനുമാണ് കോടതി നിര്‍ദേശിച്ചത്.
ഭിന്നശേഷി വിഭാഗം ഉദ്യോഗാര്‍ഥിയെ ലഭ്യമാക്കി ബാക്ക് ലോഗ് പരിഹരിച്ച് മാനേജര്‍ നിയമിക്കുകയും, ടി ഉദ്യോഗാര്‍ത്ഥിക്ക് അംഗീകാരം ലഭിക്കുകയും ചെയ്യുന്ന മുറയ്ക്കോ, ആര്.പി.ഡബ്ല്യൂ.ഡി ആക്ട് രണ്ടായിരത്തി പതിനാറ് സെക്ഷന്‍ മുപ്പത്തി നാലില്‍ രണ്ട് പ്രകാരം നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്കോ പ്രസ്തുത കാറ്റഗറിയില്‍ പ്രൊവിഷണലായി തുടരുന്ന മറ്റ് നിയമനങ്ങള്‍, നിയമന തീയതി മുതല്‍ വിദ്യാഭ്യാസ ഓഫീസര്‍ പരിശോധിച്ച്റഗുലറൈസ് ചെയ്യാവുന്നതാണ്. പ്രൊവിഷണല്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാര്‍ക്കു ചട്ടപ്രകാരം സാധ്യമായ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള നടപടികള്‍ ഇനി പറയും പ്രകാരം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രൊവിഷണലായി ശമ്പള സ്കെയിലില്‍ നിയമനാംഗീകാരം ലഭിച്ച ജിവനക്കാര്‍ക്ക് പെന്‍ നമ്പര്‍ അനുവദിക്കുന്നതിനും, കെ.എസ്.ഇ.പി.എഫ്. അംഗത്വം ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ അംഗത്വം നല്‍കുന്നതിനും നല്കുന്നതിനു 2024 ഏപ്രില്‍ 3 ല്‍ ഉത്തരവായിട്ടുണ്ട്. താത്കാലിക നിയമന ലഭിച്ച ജീവനക്കാര്‍ക്ക് അതേ മാനേജ്മെന്റിന് കീഴിലുള്ള മറ്റു സ്കൂളുകളിലെ വ്യവസ്ഥാപിത ഒഴിവുകളിലേക്ക് നിലവിലുള്ള രീതിയില്‍ തന്നെ തുടരുമെന്ന വ്യവസ്ഥയില്‍ സ്ഥലംമാറ്റം അനുവദിക്കാവുന്നതാണ് എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രൊവിഷണലായി നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുള്ള സ്കൂളുകളില്‍/അതത്മാ നേജ്മെന്റില് ഉയര്‍ന്ന തസ്തികകളില്‍ ഒഴിവുണ്ടാകമ്പോള്‍ സീനിയോറിറ്റി അനുസരിച്ച് പ്രൊവിഷണലായി നിയമനാംഗീകാരം ലഭിച്ചവരാണ് അര്‍ഹരാകുന്നതെങ്കില്‍ അവര്‍ക്ക് ഉയര്‍ന്ന തസ്തികകളില്‍ ചട്ടം 43 ല്പ്രൊമോഷന് അവകാശം ഉള്ളതായി കണക്കാക്കി പ്രൊവിഷണലായി നിയമനാംഗീകാരവും തസ്തികയിലെ ശമ്പളവും അനുവദിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശമ്പള സ്കെയിലില്‍ പ്രൊവിഷണലായി നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകര്‍ക്ക് കെ.ഇ.ആര്-ല്‍ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം അവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാര്‍ 2025 സെപ്തംബര്‍ 12 ലെ കത്ത് പ്രകാരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാനമായ രീതിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിച്ചവര്‍ക്കും ഈ ആനുകൂല്യം നല്‍കിയിട്ടുണ്ട്.
നായര്‍ സര്‍വ്വീസ് സൊസൈറ്റി സുപ്രീംകോടതി മുമ്പാകെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2025 മാര്‍ച്ച് 4 ല്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഭിന്നശേഷിക്കാര്ക്ക്സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ ഒഴിച്ച് മറ്റ് ഒഴിവുകളില്‍ നിയമനങ്ങള്‍ നടത്തുന്നതിനായി നല്‍കിയിട്ടുള്ള അനുമതി നായര്‍ സര്‍വ്വീസ് സൊസൈറ്റി മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളുകള്‍ക്ക് മാത്രമാണ് ബാധകം എന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.
ആയതനുസരിച്ചാണ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നത്. സുപ്രീം കോടതിയുടെ വിധിപ്രകാരം ഭിന്നശേഷി സംവരണം സംബന്ധിച്ച് നിയമനങ്ങള്‍ സമയബന്ധിതമായി നടത്തുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും ജില്ലാ തല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
ഇനിമേല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികളുടെ പട്ടിക ലഭ്യമാക്കി ജില്ലാതല സമിതികളാണ് സ്കൂള്‍ മാനേജമെന്റുകള്ക്കു, അവര്‍ ആവശ്യപ്പെടുന്ന ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാര്‍ഥിയെ നിയമനത്തിനായി നല്‍കുന്നത്. ജില്ലാതല സമിതി മുഖേനയുള്ള ആദ്യത്തെ നിയമന പ്രക്രിയ ഒക്ടോബര്‍ 25 നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാതല സമിതി മുഖേനയുള്ള നിയമന പ്രക്രിയ ആവശ്യമെങ്കില്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രസ്തുത സമിതി പരിശോധിക്കുന്ന അപേക്ഷകള്‍ക്ക് ശേഷവും നിലനില്‍ക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിന് സംസ്ഥാനതലത്തില്‍ നവംബര്‍ 10 നകം അദാലത്ത് സംഘടിപ്പിക്കുന്നതാണ്. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 30 നകം സംസ്ഥാനതല സമിതിയുടെ കണ്‍വീനറായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.
സമന്വയ റോസ്റ്റര്‍ പ്രകാരം ഏകദേശം ഏഴായിരം ഒഴിവുകള്‍ എങ്കിലും ഭിന്നശേഷി നിയമനത്തിനു മാനേജര്‍മാര്‍ മാറ്റിവെക്കേണ്ടതാണ്. എന്നാല്‍ ആയിരത്തി നാന്നൂറ് ഒഴിവുകള്‍ മാത്രമാണ് നിലവില്‍ നിയമനത്തിനായി മാനേജര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിലൂടെ ഭിന്നശേഷി സംവരണം അട്ടിമറിക്കുന്ന തരത്തിലുള്ള നിലപാടാണ് കുറച്ച് മാനേജര്‍മാര്‍ ചെയ്യുന്നത്.
ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്ന സ്കൂളുകളില്‍ മാത്രം ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുകയും, ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാതെ കാത്തിരുന്ന് ഭാവിയില്‍ നോണ്‍ അവയിലബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങി പുറത്ത് നിന്നും മറ്റ് നിയമനം നടത്താം എന്ന അവസ്ഥ ഉണ്ടാകും.