എയ്‌ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ മാനേജ്മെന്റുകള്‍
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും മാനേജ്‌മെന്റുകൾ റിപ്പോർട്ട് ചെയ്യാനുള്ളത് നിരവധി ഒഴിവുകൾ. സംസ്ഥാനത്തെ 1329 മാനേജ്മെന്റുകൾ മാത്രമാണ് ഭിന്നശേഷി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സംസ്ഥാനത്തെ 4999 മാനേജ്മെന്റുകളിൽ 3670 മാനേജ്മെന്റുകൾ ഇതുവരെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. 5129 ഒഴിവുകൾ ഇനിയും റിപ്പോർട്ട് ചെയ്യാനുണ്ട്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 1503 ഭിന്നശേഷി വിഭാഗക്കാർക്കാണ് ഇതുവരെയും നിയമനം നൽകിയിട്ടുള്ളത്.
അതേസമയം, ഭിന്നശേഷി നിയമനത്തിന് വേണ്ടി രൂപീകരിച്ച സമിതിയിൽ ഓരോ ജില്ലയിൽ നിന്നും ഇതുവരെയും 1332 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാനേജ്മെന്റുകൾക്ക് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
എന്‍എസ്എസ് കേസിലെ വിധി മറ്റ് മാനേജ്മെന്‍റുകള്‍ക്ക് ബാധകമല്ലെന്ന നിലപാട് ഇന്നലെയാണ് സർക്കാർ തിരുത്തിയത്. ഇക്കാര്യം സുപ്രിംകോടതിയെ അറിയിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമായിരുന്നു.