തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിന് അർഹരായവരില്ലെങ്കിൽ ആ ഒഴിവ് ജനറൽ വിഭാഗത്തിലേക്കു മാറ്റാതെ അടുത്ത വർഷത്തെ സംവരണ നിയമനത്തിനായി മാറ്റിവയ്ക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ.
ഭിന്നശേഷി ഉദ്യോഗാർഥികളെ കണ്ടെത്താനായില്ലെന്നറിയിച്ച്, ആ തസ്തികയിൽ മറ്റു വിഭാഗക്കാരെ നിയമിക്കാൻ മാനേജർമാർ ശ്രമിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു സർക്കാർ നിർദേശം.
ഹൈക്കോടതി ഉത്തരവനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ കാൽനൂറ്റാണ്ടായുള്ള സംവരണ തസ്തികകൾ കണക്കാക്കിയാണ് ഭിന്നശേഷി സംവരണം നികത്തേണ്ടത്. ഇതിനായി മുൻകാല പ്രാബല്യത്തോടെയുള്ള സംവരണ ഒഴിവുകൾ കണക്കാക്കി നിയമനത്തിനായി മാനേജർമാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയാണു സമീപിക്കേണ്ടത്.
തുടർന്നും ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമായില്ലെങ്കിൽ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് (എൻഎസി) വാങ്ങിയശേഷം പത്രപ്പരസ്യം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കാം. ഇത്തവണയും അർഹരായവരില്ലെങ്കിൽ വീണ്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിക്കണം.
ഭിന്നശേഷി വിഭാഗങ്ങളിൽ ആദ്യ പരിഗണന കാഴ്ചപരിമിതർക്കാണ്. കേൾവിപരിമിതർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, മറ്റു വിവിധ ഭിന്നശേഷിക്കാർ എന്ന ക്രമത്തിലാണ് അവസരം. ഇതിൽ ഒരു വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ മറ്റു മുൻഗണനാ വിഭാഗങ്ങളിലുള്ളവരുടെ പട്ടിക എക്സേഞ്ചുകൾ വഴി നൽകും. എന്നാൽ പല മാനേജർമാരും ഇതിന് തയാറാകുന്നില്ലെന്നാണു പരാതി.
തസ്തിക മാനേജർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യുന്ന തീയതി മുതൽ ഒരു വർഷമാണ് റിക്രൂട്മെന്റ് വർഷമെന്നു സർക്കുലറിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ആദ്യ റിക്രൂട്മെന്റ് വർഷത്തിൽ അർഹതയുള്ളവരെ കിട്ടിയില്ലെങ്കിൽ അത് ഭിന്നശേഷി സംവരണ തസ്തികയായി നിലനിർത്തി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിക്കണമെന്നാണ് നിർദേശം.
ഭിന്നശേഷി നിയമനം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ ശേഷമേ ആ മാനേജ്മെന്റുകൾ നടത്തിയ മറ്റു വിഭാഗങ്ങളിലെ നിയമനങ്ങൾക്ക് സർക്കാർ സ്ഥിര അംഗീകാരം നൽകുകയുള്ളൂ. ഇതുമൂലം പതിനായിരത്തിലേറെ നിയമനങ്ങളാണ് അംഗീകാരമാകാതെ തുടരുന്നത്.