എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം: കേസ് സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എയ്ഡഡ് സ്കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി.
സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിംഗിൾ എയ്ഡഡ് മാനേജ്മെന്റുകൾക്ക് കീഴിലുള്ള താത്കാലിക അധ്യാപകരും ഭിന്നശേഷിക്കാരും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ആറാഴ്ചത്തേക്ക് മാറ്റി.
എയ്ഡഡ് സ്കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാകുന്നതാണ് നീതിയുക്തമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. എയ്ഡഡ് സ്കൂളുകളിൽ നിലവിൽ 6,230 ജീവനക്കാർ ജോലിചെയ്യുന്നത് താത്കാലിക ശമ്പള സ്കെയിൽ അടിസ്ഥാനത്തിലാണ്. 17,729 പേർ ജോലി ചെയ്യുന്നത് ദിവസ വേതനാടിസ്ഥാനത്തനത്തിലും.
ഭിന്നശേഷി സംവരണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണ്. അതിനാൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കണം എന്നായിരുന്നു കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ ജയ്ദീപ് ഗുപ്തയും ജയന്ത് മുത്തുരാജും സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയും വാദിച്ചത്.
എന്നാൽ എൻഎസ്എസിന്റെ വിധി കോർപ്പറേറ്റ് മാനേജ്മെന്റുകൾക്ക് മാത്രമാണ് ബാധകമെന്നും സിംഗിൾ മാനേജ്മെന്റുകൾക്ക് അവ ബാധകമല്ലെന്നും താത്കാലിക അധ്യാപകർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിഖിൽ ഗോയലും അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു.
ഭിന്നശേഷിക്കാർക്കുവേണ്ടി ഹാജരായ പി.കെ. നന്ദിനയും സർക്കാർ ആവശ്യത്തെ എതിർത്തു. ഇരുകക്ഷികൾക്കും മറുപടിനൽകാൻ സമയം അനുവദിച്ച സുപ്രീംകോടതി ഹർജി പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റി.
സുപ്രീം കോടതിയിൽ സർക്കാർ ഒറ്റപ്പെട്ടു, ക്രൈസ്തവസഭ മാനേജ്മെന്റുകൾ സുപ്രീം കോടതിയിൽ ഹാജരായില്ല.നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എയ്ഡഡ് സ്കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കാനുള്ള നിയമപോരാട്ടത്തിൽ സർക്കാർ ഒറ്റപ്പെട്ടു.
സർക്കാർ വാദത്തെ പിന്തുണയ്ക്കാൻ ക്രൈസ്തവ സഭകൾ ഉൾപ്പെടെ മറ്റ് ഒരു കോർപറേറ്റ് മാനേജ്മെന്റുകളും സുപ്രീംകോടതിയിൽ ഹാജരായില്ല. തെരുവിൽ സമരം ചെയ്യുന്ന ക്രൈസ്തവ സഭകളുടെ അഭിഭാഷകർ സുപ്രീംകോടതിയിൽ ഹാജരാകുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് ജെ.കെ. മഹേശ്വരിയുടെ ബെഞ്ചിന് മുൻപാകെ സർക്കാർ ആവശ്യത്തെ പിന്തുണയ്ക്കാൻ ആരുമുണ്ടായില്ല.



