
കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ നിയമനത്തിന് ഭിന്നശേഷി സംവരണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളും സർക്കുലറുകളും ശരിവച്ച് ഹൈക്കോടതി.
ഭിന്നശേഷിക്കാർക്കായി നീക്കിവച്ച തസ്തികകളിൽ ഇതുപ്രകാരം ഉടൻ നിയമനം നടത്താൻ സ്കൂൾ മാനേജ്മെന്റുകൾക്ക് സർക്കാർ നിർദ്ദേശം നൽകണമെന്നും ജസ്റ്റിസ് ടി.ആർ.രവി ഉത്തരവിട്ടു.
സർക്കാർ ഉത്തരവുകൾ നിയമ വിരുദ്ധമാണെന്നാരോപിച്ച് മാനേജ്മെന്റുകളും നിയമനം സ്ഥിരപ്പെടുത്തിക്കിട്ടാത്ത അദ്ധ്യാപകരുമടക്കം നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
ഭിന്നശേഷിക്കാരുടെ ഒഴിവു നികത്തുന്നതിനുള്ള അനുമതിക്കായി മാനേജ്മെന്റുകൾ നൽകുന്ന അപേക്ഷകളിൽ അധികൃതർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. 1995ലെ ഭിന്നശേഷി നിയമപ്രകാരം നിയമനങ്ങളിൽ 3% സംവരണമാണ് ഈ വിഭാഗത്തിന് നീക്കിവച്ചിരുന്നത്. 2016ലെ നിയമപ്രകാരം ഇത് 4%മാക്കി.
സ്കൂളുകളിൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ തുടങ്ങി വിഭാഗങ്ങളെ ഒറ്റ യൂണിറ്റാക്കി കണക്കാക്കിവേണം ഒഴിവുകൾ നിശ്ചയിക്കാനെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. ഓരോ വിഭാഗത്തിലും നിശ്ചിത ശതമാനം തസ്തിക സൃഷ്ടിക്കണം.
25 ഉദ്യോഗാർത്ഥികളുടെ ഒരു ബ്ലോക്കിൽ ആദ്യ നിയമനം ഭിന്നശേഷിക്കാർക്കായിരിക്കണമെന്ന സർക്കാർ ഉത്തരവും സിംഗിൾബെഞ്ച് ശരിവച്ചു. പ്രൈമറി സ്കൂളുകളിൽ ഉത്തരവ് ബാധകമാക്കരുതെന്ന മാനേജ്മെന്റുകളുടെ ആവശ്യം അംഗീകരിച്ചില്ല.
അതേസമയം, പ്രൊട്ടക്ടഡ് അദ്ധ്യാപകർക്കായുള്ള തസ്തിക ഒഴിച്ചിട്ടുവേണം ഭിന്നശേഷിക്കാരുടെ നിയമനമെന്നും കോടതി വ്യക്തമാക്കി. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാരുടെ 7301 നിയമനങ്ങൾ ബാക്കിനിൽക്കുന്നുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.