എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം: റാങ്ക് ലിസ്റ്റ് സെപ്തംബർ പത്തിനകം

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് സെപ്തംബർ 10നകം പ്രസിദ്ധീകരിക്കും. ഭിന്നശേഷി നിയമനത്തിന് സർക്കാർ നിയോഗിച്ച ജില്ലാതല സമിതികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.
നിയമന ശുപാർശന സെപ്തംബർ 12നകം ജില്ലാതല സമിതി കൺവീനർ, സമന്വയ പോർട്ടൽ മുഖേന നൽകണം. ശുപാർശ ലഭിച്ച് 15 ദിവസത്തിനകം സ്കൂൾ മാനേജർ നിയമന ഉത്തരവ് പുറപ്പെടുവിക്കണം. 14 ദിവസത്തിനകം ജോലിക്ക് കയറിയില്ലെങ്കിൽ അവസരം നഷ്ടപ്പെടും. ഭിന്നശേഷിക്കാരുടെ നിയമനം പൂർത്തിയാകുന്നതോടെ മറ്റു ജീവനക്കാരുടെ നിയമനത്തിനും അംഗീകാരമാകും.
ഞായറാഴ്ചയ്ക്ക് മുമ്പ് ഭിന്നശേഷി ഉദ്യോഗാർത്ഥികളുടെ പട്ടിക സ്പെഷ്യൽ എംപ്ലോയിമെന്റ് എക്സ്ചേഞ്ചിൽ നിന്ന് ജില്ലാതല സമിതി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.
ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി ഉദ്യോഗാർത്ഥികളെ നിയമിക്കാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന തരത്തിൽ 2018ലാണ് എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി നാലുശതമാനം ജോലി സംവരണം നൽകാൻ സർക്കാർ തീരുമാനമെടുത്തത്.
നിയമം വന്നിട്ടും നടപ്പാക്കാൻ കാലതാമസമുണ്ടായി. അർഹരായ ഭിന്നശേഷിക്കാരില്ലാത്തതാണ് വെല്ലുവിളിയെന്ന വ്യാജ പ്രചരണവുമായി എയ്ഡഡ് മാനേജ്മെന്റുകളും രംഗത്തെത്തി. ഒടുവിൽ കോടതി ഇടപെട്ടാണ് നിയമനം നടക്കുമെന്ന ഘട്ടമെത്തിയത്.