എയ്ഡഡ് സ്കൂൾ നിയമനം: ഭിന്നശേഷിക്കാരുടെ സംവരണം പാലിക്കപ്പെടുന്നില്ല
നിയമങ്ങളും അനുകൂല കോടതിവിധികളുമുണ്ടായിട്ടും ഭിന്നശേഷിക്കാരുടെ എയ്ഡഡ് സ്കൂൾ അധ്യാപക നിയമന സംവരണം പാലിക്കപ്പെടുന്നില്ല. അർഹരായ ഉദ്യോഗാർഥികളില്ലാത്തതാണ് നിയമനം നൽകാൻ തടസ്സമാവുന്നതെന്നാണ് മാനേജ്മെന്റുകൾ വിശദീകരിക്കുന്നത്.
ഭിന്നശേഷിക്കാർക്ക് സഹായകമായ നടപടി സർക്കാരിന്റെ പക്ഷത്തുനിന്ന് ഉണ്ടാവാത്തത് നിയമലംഘനവും മനുഷ്യാവകാശധ്വംസനവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള കണക്കുകൾ നിയമനം തേടുന്ന ഭിന്നശേഷിക്കാരുണ്ടെന്ന് വ്യക്തമാക്കുന്നു. അർഹതയുള്ള ഭിന്നശേഷിക്കാർക്ക് നിയമനം നൽകണമെന്നാവശ്യപ്പെട്ട് ഭിന്നശേഷി സംഘടനകൾ രംഗത്തിറങ്ങിയിട്ടുണ്ട്.
1996-ലെ ഭിന്നശേഷി സംരക്ഷണ നിയമപ്രകാരം മൂന്നുശതമാനവും 2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം നാലു ശതമാനവും സംവരണത്തിന് സർക്കാർ-സ്വകാര്യ മേഖലകളിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അർഹതയുണ്ട്.
ഇതുസംബന്ധിച്ച് സാമൂഹികനീതിവകുപ്പ് ഉത്തരവിറക്കിയിട്ടുമുണ്ട്. ഹൈക്കോടതിയും സുപ്രീംകോടതിയും ഭിന്നശേഷിക്കാർക്ക് അനുകൂലമായി വിധിപുറപ്പെടുവിച്ചിട്ടുണ്ട്. എന്നിട്ടും ഇത് പ്രാവർത്തികമായിട്ടില്ല.
വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും എംപ്ലോയ്മെന്റ് ഓഫീസർമാരും അലംഭാവംകാണിക്കുന്നതാണ് നിയമനത്തിന് തടസ്സമാവുന്നതെന്ന് മാനേജ്മെന്റ് സംഘടന പറയുന്നു.
2017-മുതലുള്ള കണക്കുകൾപ്രകാരം 3008 പേർക്കാണ് നിയമനംലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇതുവരെ 358 പേർക്കാണ് നിയമനംലഭിച്ചത്. അർഹരായവർക്ക് നിയമനംനൽകാൻ തയ്യാറാണെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പറയുന്നു.
‘‘ഈ വിഭാഗത്തിൽനിന്ന് ഉദ്യോഗാർഥികളെ ലഭിക്കാൻ പ്രയാസമനുഭവപ്പെടുന്നുണ്ട്. നികത്താതെകിടക്കുന്ന ഒഴിവുകൾ ഇപ്പോഴുമുണ്ട്. പ്രൊബേഷണറി ആയി ഇവർക്ക് നിയമനംനൽകാൻ കാലവിളംബമുണ്ടാക്കുന്നത് സർക്കാരാണ്, മാനേജ്മെന്റുകളല്ല’’ അസോസിയേഷൻ ജനറൽ സെക്രട്ടറി ഫാ. സിജോ ഇളങ്കുന്നപ്പുഴ പറഞ്ഞു.
വിവരാവകാശനിയമപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്ന് ലഭിച്ച തൊഴിലന്വേഷകരായ ഭിന്നശേഷി ഉദ്യോഗാർഥികളുടെ വിവരം ചുവടെ:
എൽപിഎസ്ടി-216, യുപിഎസ്ടി-643, എച്ച്എസ്ടി-398, എച്ച്എസ്എസ്ടി-145, ആകെ-1408. നോൺ ടീച്ചിങ് പോസ്റ്റ്-5944. (എല്ലാവരും രജിസ്ട്രേഡ് കാൻഡിഡേറ്റുകൾ).
2017 മുതൽ നിയമനകാര്യത്തിൽ സംവരണം പാലിക്കപ്പെടേണ്ടതുണ്ട്.