എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണം: സർക്കാർ സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി: എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ് എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്ക് കൂടി അടിയന്തരമായി ബാധകമാക്കാൻ സംസ്ഥാന സർക്കാർ.

ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. സംസ്ഥാന സർക്കാരിന്റെ അപേക്ഷ സ്റ്റാൻഡിങ് കോൺസൽ സി.കെ ശശി നാളെയോ, മറ്റന്നാളോ സുപ്രീം കോടതിയിൽ ഫയൽ ചെയ്യും.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ നിർണ്ണായകമായ ഈ നീക്കം. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ക്രൈസ്തവ സഭകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന നിയമ മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചകളിലാണ് ആവശ്യം ക്രൈസ്തവ സഭാ അധ്യക്ഷന്മാർ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ പ്രത്യേക അപേക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്.

ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചാണ് കേരളത്തത്തിലെ എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണവും ആയി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്. ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്ക് കൂടി ബാധകം ആക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സർവീസ് പൂർത്തിയായില്ലെന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. കേസിന്റെ നടപടികൾ അനന്തമായി വൈകുന്നതിൽ ക്രൈസ്തവ സഭകൾ ഉൾപ്പടെയുള്ള മാനേജ്മെന്റുകൾ അതൃപ്തി അറിയിച്ചിരുന്നു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button