എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം: ഭിന്നശേഷിക്കാർക്ക് മാത്രം കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി വിവേചനം

തൃശ്ശൂർ: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിനു ഭിന്നശേഷിക്കാർക്ക് മാത്രം കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാരിന്റെ വിവേചനം.

പിഎസ്‌സി വഴിയുള്ള നിയമനങ്ങളിലടക്കം നെറ്റ്, സി-ടെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് അധികയോഗ്യതയുള്ളവരെ കെ- ടെറ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, എയ്ഡഡ് സ്കൂൾ ഭിന്നശേഷി അധ്യാപക നിയമനത്തിനുള്ള ജില്ലാതല പട്ടികയിൽ കെ-ടെറ്റ് യോഗ്യതയുള്ളവരെമാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്. നിലവിൽ പട്ടികയിലിടംപിടിച്ച ഒട്ടേറെപ്പേർ ഇതോടെ പുറത്താവും. അഭിമുഖമടക്കം പൂർത്തിയാക്കി നിയമന ഉത്തരവിനായി കാത്തിരിക്കുന്നതിനിടെയാണ് ഈ തിരിച്ചടി.

സുപ്രീംകോടതി നിർദേശിച്ച നാലുശതമാനം സംവരണത്തെ അട്ടിമറിക്കുന്ന നടപടിയാണിതെന്ന് ഭിന്നശേഷി ഉദ്യോഗാർഥികൾ പറയുന്നു.

കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട സെപ്‌റ്റംബർ ഒന്നിലെ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സർക്കാർ നിലപാട്.

എന്നാൽ, കോടതി ഉത്തരവിനുശേഷവും അധ്യാപക തസ്തികകളിലേക്കുള്ള പിഎസ്‌സി വിജ്ഞാപനങ്ങളിൽ നെറ്റ്, സി-ടെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് യോഗ്യതയുള്ളവർക്ക് കെ-ടെറ്റിൽ ഇളവ് നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം പുറത്തുവന്ന കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിലും ഇതേ വിഭാഗങ്ങൾക്ക് ഇളവുണ്ട്.

2022-ലാണ് എയ്ഡഡ് സ്കൂൾ നിയമനത്തിൽ നാലുശതമാനം ഭിന്നശേഷിസംവരണം കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, യോഗ്യരായ ഉദ്യോഗാർഥികളില്ലെന്നുപറഞ്ഞ് മാനേജ്മെൻറുകൾ സംവരണം നടപ്പാക്കാതെ വന്നതോടെ ജില്ലാതല സമിതി രൂപവത്കരിച്ച് സർക്കാർ തന്നെ ഭിന്നശേഷി നിയമനം നടത്തണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.
Exit mobile version