സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെല്ലാം ഭിന്നശേഷി സൗഹൃദമാകണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു.
സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ഭിന്നശേഷി ബോധവൽക്കരണ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിൽ ഭൂരിപക്ഷം ഭിന്നശേഷിക്കാരും അരികുവൽകൃത ജീവിതം നയിക്കുന്നവരാണ്. അവരെക്കൂടി സ്വയംപര്യാപ്തവും ആത്മവിശ്വാസം നിറഞ്ഞതുമായ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയാൽ മാത്രമേ ജനാധിപത്യ സംവിധാനം പൂർണമാകൂ.
ഈ ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമം 2016 രൂപീകൃതമായിയത്. കേരളത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാർദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. എല്ലാ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും ലിഫ്റ്റും റാമ്പും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
കലക്ടർ ദിവ്യ എസ് അയ്യർ അധ്യക്ഷയായി. സംസ്ഥാന ഭിന്നശേഷി കമീഷണർ എസ് എച്ച് പഞ്ചാപകേശൻ, ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ദേവൻ കെ മേനോൻ എന്നിവർ പങ്കെടുത്തു.
2016ലെ ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകളെപ്പറ്റി മറ്റുള്ളവർക്ക് അവബോധം നൽകി ഭിന്നശേഷി സമൂഹത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നീതിയും സമയബന്ധിതമായി ലഭിക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം.
സർക്കാർ ജീവനക്കാർക്ക് ഈ നിയമത്തിലുള്ള അവബോധം സൃഷ്ടിക്കുന്നത് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വേണ്ടി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ യഥാസമയം ഗുണഭോക്താക്കളിലെത്തിക്കാൻ ഏറെ സഹായകമാകും.