ഭിന്നശേഷിയുള്ളവർക്ക് നീതിന്യായ സംവിധാനങ്ങൾ ലഭ്യമാകുന്നതിന് ക്യാപ്‌ച സൗകര്യം

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഡിജിറ്റൽ സൗകര്യം ഭിന്നശേഷിയുള്ളവർക്ക് കൂടുതൽ പ്രാപ്യമാക്കുകയെന്നത് കഴിഞ്ഞ ഏതാനും മാസങ്ങളായി സുപ്രീം കോടതിയുടെ ഇ-കമ്മിറ്റിയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്.

എല്ലാ ഹൈക്കോടതി വെബ്‌സൈറ്റുകളിലും ഇപ്പോൾ‌ ഭിന്നശേഷിയുള്ളവർക്ക് (PWD) ഉപയോഗിക്കാൻ കഴിയുന്ന ക്യാപ്‌ചകൾ ഉണ്ടെന്ന് ഉറപ്പാക്കുക എന്നത് ഈ ലക്ഷ്യത്തിലേക്കുള്ള ഇ-കമ്മിറ്റിയുടെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്.

കോടതി വിധിന്യായങ്ങൾ / ഉത്തരവുകൾ, കേസുകളുടെ സ്ഥിതി പരിശോധിക്കൽ എന്നിങ്ങനെയുള്ള നിരവധി അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഈ ക്യാപ്‌ചകൾ സഹായിക്കുന്നു.

പല ഹൈക്കോടതി വെബ്‌സൈറ്റുകളും ഇതുവരെ കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ഉപയോഗിക്കാൻ കഴിയാത്ത വിഷ്വൽ ക്യാപ്‌ചകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതിനാൽ അത്തരം ഉള്ളടക്കം സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നത് അവർക്ക് അസാധ്യമായിരുന്നു.

എന്നാൽ ഇപ്പോൾ എല്ലാ ഹൈക്കോടതികളുമായും ഏകോപിപ്പിച്ച്, വിഷ്വൽ ക്യാപ്‌ചകൾക്കൊപ്പം ടെക്സ്റ്റ് / ഓഡിയോ ക്യാപ്‌ചകളും നൽകിക്കൊണ്ട് കോടതികളുടെ വെബ്‌സൈറ്റ് ഉള്ളടക്കം കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് കൂടി ലഭ്യമാകുന്നുണ്ടെന്ന് ഇ-കമ്മിറ്റി ഉറപ്പാക്കി.

ഹൈക്കോടതികളുടെ ക്യാപ്‌ച സംവിധാനത്തിന്റ്റെ തൽസ്ഥിതി ഇവിടെ നിന്ന് ലഭിക്കും.

ഭിന്നശേഷിയുള്ളവർക്ക് കോടതി വിധിന്യായങ്ങൾ തിരയുന്നതിനുള്ള പോർട്ടൽ സൃഷ്ടിക്കുക എന്നതാണ് എൻ‌ഐസിയുമായി സഹകരിച്ച് ഇ-കമ്മിറ്റി ഏറ്റെടുത്തിരിക്കുന്ന മറ്റൊരു സുപ്രധാന സംരംഭം. എല്ലാ ഹൈക്കോടതികളും പുറപ്പെടുവിച്ച വിധിന്യായങ്ങളും അന്തിമ ഉത്തരവുകളും പോർട്ടലിൽ ലഭ്യമാണ്.

ഇ-കമ്മിറ്റിയുടെ വെബ്‌സൈറ്റും ഇ-കോടതികളുടെ വെബ്‌സൈറ്റും ഭിന്നശേഷിയുള്ളവർക്ക് ഉപയോഗിക്കാനാവും.

അഭിഭാഷകർക്കായുള്ള ഇ-കമ്മിറ്റിയുടെ പരിശീലന പരിപാടികൾ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഫയലിംഗ് രീതികൾ സ്വീകരിക്കാൻ അഭിഭാഷകരെ ബോധവൽക്കരിക്കും.

Exit mobile version