കായംകുളം: സംസ്ഥാനത്ത് ഭിന്നശേഷി പെൻഷൻ കൈപ്പറ്റുന്നവരുടെ കുടുംബ വാർഷിക വരുമാന പരിധി ഒരുലക്ഷമായി നിശ്ചയിച്ചത് ജനുവരി മുതൽ നടപ്പാക്കാൻ തീരുമാനം.
പെൻഷൻ തുടർന്ന് ലഭിക്കണമെങ്കിൽ ഒരാഴ്ച്ചയ്ക്കുള്ളിൽ വരുമാന സർട്ടിപ്പിക്കറ്റ് ഹാജരാക്കണമെന്ന് കാട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭിന്നശേഷിക്കാർക്ക് അറിയിപ്പ് നൽകി.നേരത്തെ വരുമാന പരിധി ബാധകമായിരുന്നില്ല.
ഒരു കുടുബത്തിലെ എല്ലാ അംഗങ്ങൾക്കും ചേർന്ന് ഒരുമാസം 8400 രൂപയുടെ വരുമാനം ഉണ്ടങ്കിൽപ്പോലും വാർഷിക വരുമാനം ഒരുലക്ഷം കടക്കും. കുടുംബ വാർഷിക വരുമാനം മാനദണ്ഡമാക്കുന്നതോടെ ഭിന്നശേഷിക്കാരുടെ പെൻഷൻ 50 ശതമാനത്തിലേറെ വെട്ടിക്കുറയ്ക്കാമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ. എന്നാൽ, സംസ്ഥാനത്ത് ഭിന്നശേഷി പെൻഷൻ കൈപ്പറ്റുന്ന ആയിരങ്ങൾക്ക് പുതുവർഷം കണ്ണീരിന്റേതാകും.
2016-ലെ ഭിന്നശേഷി അവകാശനിയമം അനുസരിച്ച് പെൻഷനും സ്കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും സമൂഹത്തിലെ മറ്റുള്ളവർക്ക് നൽകുന്നതിനെക്കാൾ 25 ശതമാനം അധികം ഭിന്നശേഷിക്കാർക്ക് നൽകണമെന്നാണ്. എന്നാൽ, കേരളത്തിൽ ഭിന്നശേഷിക്കാർക്ക് ഇത് ലഭിക്കുന്നില്ല. സാമൂഹികസുരക്ഷാ പെൻഷൻ മാത്രമാണ് ഭിന്നശേഷിക്കാർക്കും ലഭിക്കുന്നത്.
സാമൂഹികസുരക്ഷാ പെൻഷനുള്ള എല്ലാ മാനദണ്ഡങ്ങളും ഇവിടെ ഭിന്നശേഷിപെൻഷനും ബാധകമാക്കിയതാണ് വിനയായത്. കുടുംബത്തിന്റെ മൊത്തം വാർഷികവരുമാനം ഒരുലക്ഷത്തിൽ കൂടുതലായാൽ കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്കുപോലും പെൻഷൻ ലഭിക്കില്ല.
