2021 ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് പങ്കാളിത്തവും തുല്യതയും ഉറപ്പുവരുത്തുന്നതിന് ഭാഗമായി എല്ലാ പോളിംഗ് ബൂത്തുകളിലും റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കി.
കാഴ്ച പരിമിതിയുള്ള വോട്ടർമാർക്ക് പരസഹായം കൂടാതെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുന്നതിന് ബ്രെയിലി ഡമ്മി ഷീറ്റുകൾ എല്ലാ പോളിംഗ് ബൂത്തുകളിലും ലഭ്യമായിരിക്കും.
ബ്രെയിലി സാക്ഷരരായ കാഴ്ച പരിമിതിയുള്ള വോട്ടർമാർക്ക് ബൂത്തിലെ പ്രിസൈഡിങ്ങ് ഓഫീസർ ബ്രെയിലി ഡമ്മി ഷീറ്റ് വായിക്കുന്നതിനായി നൽകേണ്ടതാണ്.
വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാനാർഥിയുടെ പേരും നമ്പറും മനസ്സിലാക്കിയശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഡമ്മി ബാലറ്റിലെ ക്രമത്തിൽ തന്നെ സ്ഥാനാർത്ഥികളുടെ പേരും ക്രമ നമ്പറും ആലേഖനം ചെയ്തിട്ടുള്ളതിനാൽ മറ്റാരുടെയും സഹായം കൂടാതെ കാഴ്ച പരിമിതിയുള്ള വോട്ടർക്ക് സ്വന്തം ഇഷ്ടപ്രകാരം വോട്ടു രേഖപ്പെടുത്താവുന്നതാണ്.
ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ച വരുത്തിയതായി പരാതി ഉണ്ടായാൽ ഭിന്നശേഷി അവകാശ നിയമത്തിലെ പതിനൊന്നാം വകുപ്പിൻറെ ലംഘനമായി കണക്കാക്കുന്നതും അത്തരം കേസുകളിൽ വകുപ്പുതല നടപടികൾ, ക്രിമിനൽ പ്രോസിക്യൂഷൻ എന്നിവ ഉണ്ടാകുമെന്നും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ അറിയിച്ചു.
പരാതികൾ scpwdkerala@gmail.com എന്ന ഈമെയിൽ വിലാസത്തിൽ അയയ്ക്കാവുന്നതാണ്.